ഷാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല ജില്ലയില്‍ ആം ആദ്മിയുടെ അമാനത്തുള്ള ഖാന് ലീഡ്
Delhi election 2020
ഷാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല ജില്ലയില്‍ ആം ആദ്മിയുടെ അമാനത്തുള്ള ഖാന് ലീഡ്
ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2020, 9:38 am

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ വന്‍ കുതിപ്പ് തുടരുകയാണ് ആം ആദ്മി പാര്‍ട്ടി. 54 സീറ്റുമായാണ് രാജ്യതലസ്ഥാനത്ത് ആം ആദ്മി മുന്നേറുന്നത്. 16 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷാഹീന്‍ബാഗില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ബി.ജെ.പിയുടെ ബ്രം സിങ്ങും കോണ്‍ഗ്രസിന്റെ പര്‍വേസും ഇവിടെ പിന്നിലാണ്.

2015 ലെ തെരഞ്ഞെടുപ്പില്‍ ഓഖ്‌ല മണ്ഡലത്തില്‍ നിന്നും അമാനത്തുള്ള ഖാന്‍ 63 ശതമാനം വോട്ട് ഷെയര്‍ നേടിയാണ് വിജയിച്ചത്. ബി.ജെ.പിയുടെ ബ്രം സിങ്ങിനെ തന്നെയാണ് അന്നും ഇദ്ദേഹം പരാജയപ്പെടുത്തിയത്.

46 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കി തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡോടെ മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കാണുന്നത്. 15 സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങളാണ്. 70 സീറ്റുകളില്‍ 67 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി കളത്തിലിറക്കിയത്. രണ്ട് സീറ്റില്‍ സഖ്യകക്ഷിയായ ജനതാദള്‍ യൂനൈറ്റഡും ഒരു സീറ്റില്‍ ലോക് ജനശക്തി പാര്‍ട്ടിയുമാണ് മത്സരിക്കുന്നത്.

എട്ട് മണിക്കാണ് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. എഴുപത് സീറ്റിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്സിറ്റ് പോളുകളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബി.ജെ.പി മൂന്ന് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാത്തത് പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് വലിയ തിരിച്ചടിയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ