സൗദിയില്‍ നിന്നുള്ള എണ്ണ കപ്പലും ഇന്ത്യയിലേക്ക്; ഹോര്‍മുസ് കടക്കാന്‍ നഷ്ടപരിഹാരം വാങ്ങുന്നെന്ന വാദം തള്ളി ഇറാന്‍
India
സൗദിയില്‍ നിന്നുള്ള എണ്ണ കപ്പലും ഇന്ത്യയിലേക്ക്; ഹോര്‍മുസ് കടക്കാന്‍ നഷ്ടപരിഹാരം വാങ്ങുന്നെന്ന വാദം തള്ളി ഇറാന്‍
അനിത സി
Tuesday, 24th March 2026, 7:57 am

ന്യൂദല്‍ഹി: ഇന്ത്യയുടെ ഇന്ധനക്ഷാമത്തിന് ആശ്വാസമായി മൂന്ന് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്.

യു.എ.ഇയില്‍ നിന്നുള്ള രണ്ട് കപ്പലുകള്‍ തിങ്കളാഴ്ച ഹോര്‍മുസ് കടന്നതിന് പിന്നാലെയാണ് സൗദി അറേബ്യയില്‍ നിന്നും ഒരു എണ്ണക്കപ്പല്‍ ഹോര്‍മുസ് കടക്കാനിരിക്കുന്നത്.

സൗദിയിലെ യാന്‍ബു തുറമുഖത്തുനിന്നും ക്രൂഡ് ഓയില്‍ വഹിച്ച് എം.ടി കാലിസ്റ്റ എന്ന എണ്ണ ടാങ്കറാണ് ജിദ്ദ വഴി ഇന്ത്യയിലെ പാരദീപ് തുറമുഖത്തേക്കെത്തുക.

പനാമ പതാകയുള്ള കപ്പലിന് ഏദന്‍ ഉള്‍ക്കടലിലെത്തുമ്പോള്‍ മുതല്‍ നാവികസേനയുടെ യുദ്ധകപ്പലുകളുടെ അകമ്പടിയുണ്ടാകും.

തിങ്കളാഴ്ച രാവിലെ യു.എ.ഇയില്‍ നിന്നും പുറപ്പെട്ട 92,612 മെട്രിക് ടണ്‍ എല്‍.പി.ജി വഹിച്ച രണ്ട് കപ്പലുകളും സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടന്നതായി ട്രാക്കിങ് ഡാറ്റകള്‍ സൂചിപ്പിക്കുന്നു. വൈകുന്നേരത്തോടെയാണ് ഹോര്‍മുസ് കടന്നുപോയത്.

33 ക്രൂ അംഗങ്ങളുള്ള ജഗ് വസന്ത് കപ്പല്‍ മാര്‍ച്ച് 26ന് കാണ്ട്‌ല തുറമുഖത്തെത്തും. പൈന്‍ ഗ്യാസ് കപ്പല്‍ മാര്‍ച്ച് 28ന് ന്യൂ മംഗലാപുരത്തെത്തുമെന്നും ഇതില്‍ 27 ക്രൂ അംഗങ്ങളുണ്ടെന്നും ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.

കപ്പലുകള്‍ ഒമാന്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പലുകള്‍ അകമ്പടി സേവിക്കും.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് കടക്കാനായി കപ്പലുകളില്‍ നിന്നും രണ്ട് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തേടിയെന്ന ആരോപണങ്ങള്‍ തിങ്കളാഴ്ച ഇറാന്‍ നിഷേധിച്ചു.

ഇന്ത്യയുടെ എല്‍.പി.ജി ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടക്കാനുള്ള അനുമതിക്കായി പണം നല്‍കേണ്ടി വന്നെന്ന ആരോപണം ഇന്ത്യയും തള്ളിയിട്ടുണ്ട്. ഇന്ത്യന്‍ പതാക വഹിച്ച കപ്പലുകള്‍ക്ക് ഇറാന്‍ അതിര്‍ത്തിയില്‍ വെച്ച് അകമ്പടി സേവിക്കാന്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് അനുമതി നല്‍കില്ലെന്ന നിബന്ധന മാത്രമാണ് നടപ്പാക്കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാനായി ഒമാന്‍ ഉള്‍ക്കടലിലും ഏദന്‍ ഉള്‍ക്കടലിലും കൊല്‍ക്കത്ത ക്ലാസ് ഡിസ്‌ട്രോയറുകള്‍ നാവിക സേന വിന്യസിക്കും. ഇന്ത്യയുടെ എല്ലാ കപ്പലുകളുടെയും ക്യാപ്റ്റന്‍മാരുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. സഹായങ്ങള്‍ ഉടന്‍ എത്തിക്കുമെന്നും സേനാവൃത്തങ്ങള്‍ പറഞ്ഞു.

Content Highlight: Oil ship from Saudi Arabia also headed to India

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.