കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. കാസര്‍ഗോഡ് തീരത്ത് നിന്നും ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇതോടെ ഓഖി ദുരന്തത്തില്‍ പെട്ട് മരിച്ചവരുടെ എണ്ണം 73 ആയി. മൃതദേഹങ്ങള്‍ കരക്കെത്തിച്ചെങ്കിലും തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനുള്ള നടപടി ക്രമങ്ങള്‍ നടക്കുകയാണ്. ബേപ്പൂരില്‍ നിന്നും തിരച്ചിലിന് പോയ സംഘമാണ് കാസര്‍ഗോഡ് തീരത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.
ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. തിരച്ചിലിനായി വിവിധ തീരങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം 105 യന്ത്രവല്‍കൃത ഫിഷറീസ് ബോട്ടുകളാണ് കടലിലേക്കിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ തീരത്ത് നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ എല്ലാവരെയും ക്രിസ്മസിന് മുമ്പായി കരയിലെത്തിക്കുമെന്നാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ അറിയിച്ചിരിക്കുന്നത്.
