മലയാള പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രവും ചിത്രത്തിലെ കഥാപാത്രങ്ങളേയും ചിത്രത്തിലെ പാട്ടുകളേയും ഇരു കയ്യും നീട്ടിയാണ് മലയാളികള്‍ ഏറ്റെടുത്തിട്ടുള്ളത്.

ബിജു മേനോനും പൃഥ്വിരാജും ചേര്‍ന്നഭിനയിച്ച ചിത്രം ഇപ്പോള്‍ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ്. പവന്‍ കല്യാണും റാണ ദഗ്ഗുബാട്ടിയും ചേര്‍ന്നാണ് തെലുങ്കിലെ ‘അയ്യപ്പനേയും കോശിയേയും’ അവതരിപ്പിക്കുന്നത്.

പവന്‍ കല്യാണിനേയും റാണയേയും പോലെ മലയാളികള്‍ ഉറ്റു നോക്കിയിരുന്നത് അയ്യപ്പന്‍ നായരുടെ ഭാര്യയായ കണ്ണമ്മയുടെ കഥാപാത്രം അവതരിപ്പിക്കാന്‍ പോവുന്നത് ആരെന്നെറിയാനായിരുന്നു.

കുറച്ച് സമയം മാത്രമേ സ്‌ക്രീനില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ശക്തമായ കഥാപാത്രസൃഷ്ടി കൊണ്ടും ഗൗരി നന്ദയുടെ അഭിനയ മികവ് കൊണ്ടും ആ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നായകനായ കോശിയെ പോലും വിറപ്പിക്കുന്ന കഥാപാത്രം തെലുങ്കിലേക്കെത്തുമ്പോള്‍ ആരാണ് അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണിപ്പോള്‍.

തെന്നിന്ത്യയുടെ പ്രിയ താരം നിത്യ മേനോനാണ് കണ്ണമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നിത്യ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

Content Highlight: Nityhya Menon to play the role of Kannamma in Telugu Remake of Ayyappanum Koshiyum