സ്‌ക്രീനിന് തീ പിടിപ്പിക്കാന്‍ ഡാനിയന്‍ ശേഖര്‍; അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ റാണയുടെ ക്യാരക്ടര്‍ വീഡിയോ പുറത്ത്
Entertainment news
സ്‌ക്രീനിന് തീ പിടിപ്പിക്കാന്‍ ഡാനിയന്‍ ശേഖര്‍; അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ റാണയുടെ ക്യാരക്ടര്‍ വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th September 2021, 8:53 pm

മലയാളികള്‍ നെഞ്ചേറ്റിയ സിനിമയാണ് അയ്യപ്പനും കോശിയും. സിനിമയിലെ കഥാപാത്രങ്ങളേയും ‘അധകചക്കോ’ അടക്കമുള്ള പാട്ടുകളും ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോള്‍ ആരൊക്കെയാവും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ എന്ന് ടോളിവുഡിലേക്കാളേറെ ചര്‍ച്ചയായത് കേരളത്തിലാണ്.

പവന്‍ കല്യാണും റാണ ദഗ്ഗുബാട്ടിയുമാണ് തെലുങ്കില്‍ ‘അയ്യപ്പനും കോശി’യുമായെത്തുന്നത്. ബാഹുബലിയിലൂടെ മലയാളക്കരയ്ക്ക് സ്വീകാര്യനായ റാണയുടെ ചിത്രത്തിലെ ക്യാരക്ടര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഡാനിയന്‍ ശേഖര്‍ എന്ന പേരിലാണ് റാണ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജിനോട് സാമ്യമുള്ള ലുക്കിലാണ് റാണയേയും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യൂ ട്യൂബിലൂടെ പുറത്തു വിട്ട വീഡിയോ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

അയ്യപ്പനും കോശിയും തെലുങ്കിലേക്കെത്തിയപ്പോള്‍ അയ്യപ്പന്‍ നായരുടെ പകര്‍പ്പായ ഭീംല നായക്ക് മാത്രമായിരുന്നു ടൈറ്റിലില്‍. ടൈറ്റിലില്‍ ഇല്ലെങ്കിലും മാസിന് ഒരു കുറവും ഉണ്ടാവില്ല എന്ന് അടിവരയിടുന്നതാണ് ഡാനിയന്‍ ശേഖറിന്റെ ക്യാരക്ടര്‍ വീഡിയോ.

 

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങും പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു.

സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Character video of Daniel Shekhar