[] 1983-യിലെ ഓലേഞ്ഞാലിക്കുരുവി എന്ന പാട്ടില്‍ തനി മലയാളി പെണ്‍കൊടിയായെത്തിയ കന്നടതാരം നിക്കി ഗല്‍റാനി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ഓം ശാന്തി ഓശാനയിലെ തെന്നല്‍.കെ വാര്യരെന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന എന്തൊരു ഭാഗ്യം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്ന നിക്കി നായികയായി എത്തുന്ന തമിഴ് ചിത്രമാണ് യഗവരയിനും നാ കാക്ക. സത്യ പ്രഭാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശങ്കര്‍ ചിത്രം ഈറത്തിലൂടെ തമിഴിലെത്തിയ ആദിയാണ് നായകന്‍.
തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന യഗവരയിനും നാ കാക്ക ചെന്നെയില്‍ നടന്ന ഒരു യാഥാര്‍ത്ഥ സംഭത്തെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണ്. സിനിമയുടെ പ്രമോഷനു വേണ്ടി നിക്കിയും ചിത്രത്തിലെ നായകന്‍ ആദിയുമെല്ലാം ചേര്‍ന്ന് ചെന്നൈയിലെ പട്ടണങ്ങളിലും തെരുവീഥികളിലും രാത്രിയില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചത് വാര്‍ത്തയായിരുന്നു.
മിഥുന്‍ ചക്രവര്‍ത്തി, പശുപതി, റിച്ച പല്ലോഡ്, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. പ്രസന്നന്‍, പ്രവീണ്‍,ശ്യം എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന യഗവരയിനും നാ കാക്ക ഉടന്‍ പ്രദര്‍ശനത്തിനെത്തും.
