ഭാഗ്യദേവതയിലെ ചെറിയ വേഷത്തിലൂടെ സിനിമാജീവിതം ആരംഭിച്ച് ലവ് 24 x 7ലൂടെ നായികയായി അരങ്ങേറിയ താരമാണ് നിഖില വിമല്‍. ആദ്യചിത്രത്തിന് ശേഷം തമിഴിലാണ് നിഖില കൂടുതലായും ശ്രദ്ധ നല്‍കിയത്. തമിഴില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായതിന് ശേഷം 2018ലാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. അരവിന്ദന്റെ അതിഥികളിലൂടെയാണ് മലയാളികള്‍ക്കിടയില്‍ താരം ശ്രദ്ധ നേടിയത്.
നിഖില നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ധൂമകേതു റിലീസിന് തയാറെടുക്കുകയാണ്. സജിന്‍ ഗോപു നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും മറ്റ് അപ്‌ഡേറ്റുകളും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. മലയാളത്തിലെ ആദ്യത്തെ ടൈംലൂപ് ചിത്രമായ ധൂമകേതുവിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിഖില.

നിഖില വിമല്‍ Photo: Screen grab/ Cue Studio
ചിത്രത്തില്‍ തനിക്ക് ഏറ്റവും ടെന്‍ഷന്‍ തന്നത് അണ്ടര്‍വാട്ടര്‍ സീക്വന്‍സായിരുന്നെന്ന് നിഖില പറഞ്ഞു. വെള്ളത്തില്‍ വെച്ച് ഷൂട്ട് ചെയ്യേണ്ട സീനുണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നെന്നും തനിക്ക് നീന്തലറിയില്ലെന്ന് സംവിധായകനോട് അറിയിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു നിഖില വിമല്‍.
‘എനിക്ക് നീന്താനറിയില്ലെന്ന് അവരോട് പറഞ്ഞപ്പോള്‍ പഠിക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസം സ്വിമ്മിങ് പൂളില്‍ പോയി നീന്തല് പഠിച്ചു. പക്ഷേ, ഇവര്‍ ഷൂട്ട് ചെയ്തത് കായലിന്റെ നടുക്ക്. കുളത്തില്‍ പോലും നീന്തയിട്ടില്ല. ആ ഞാന്‍ നേരെ കായലിലേക്ക് ചാടുന്ന സീനാണ് എടുക്കാനിരുന്നത്. നല്ല ടെന്‍ഷനും പേടിയുമുണ്ടായിരുന്നു.

മൂന്ന് ദിവസം ആ ഷോട്ട് എടുക്കാന്‍ നോക്കിയിട്ട് നടന്നില്ല. രണ്ട് ദിവസവും എല്ലാം സെറ്റ് ചെയ്ത് കായലിന്റെ നടുക്ക് എത്തും. പേടി കാരണം ചാടിയില്ല. എങ്ങനെ ചാടും എന്ന് ആലോചിച്ച് എനിക്ക് ഉറക്കം കിട്ടാത്ത അവസ്ഥയായിരുന്നു. അമ്മ ഫോണ്‍ ചെയ്തിട്ട് ‘ആ സീന്‍ എടുത്തോ’ എന്ന് ചോദിച്ചപ്പോള്‍ അമ്മയോടും ദേഷ്യപ്പെട്ടു. പിന്നീട് എങ്ങനെയൊക്കെയോ ആ സീനെടുത്തു,’ നിഖില പറയുന്നു.
ഒരു ധൂമകേതു ഭൂമിയുടെ സമീപത്തുകൂടെ പോകുന്നതും അതിന്റെ റിയാക്ഷനായി നായകന് മാത്രം ഒരു ദിവസം ടൈംലൂപ്പാകുന്നതുമാണ് ധൂമകേതുവിന്റെ കഥ. സജിന്‍ ഗോപുവിനും നിഖില വിമലിനും പുറമെ ഗണപതി, ഷൈന്‍ ടോം ചാക്കോ, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. നെയ്മറിന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധൂമകേതു. സെപ്റ്റംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Nikhila Vimal shares the shooting experience of Dhoomakethu movie
