ലീഗ് വണ്ണിലെ വമ്പന്‍ ജയവുമായിട്ടായിരുന്നു പി.എസ്.ജി തങ്ങളുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. കഴിഞ്ഞ സീസണില്‍ തങ്ങളെ മറികടന്ന് ലീഗ് വണ്ണിന്റെ കിരീടമണിഞ്ഞ ലില്ലെയെ വന്‍ മാര്‍ജിനില്‍ തോല്‍പിച്ചായിരുന്നു പി.എസ്.ജി വിജയം സ്വന്തമാക്കിയത്.

ഒന്നിനെതിരെ ഏഴ് ഗോളിനായിരുന്നു പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ വിളയാട്ടം. എംബാപ്പെ ഹാട്രിക് തികച്ച മത്സരത്തില്‍ നെയ്മര്‍ ഡബിളും മെസി, ഹക്കീമി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടിയിരുന്നു.

മത്സരത്തിലുടനീളം പാരീസ് സൂപ്പര്‍ താരങ്ങള്‍ വെച്ചുപുലര്‍ത്തിയ ടീം കെമിസ്ട്രി അത്ഭുതാവഹമായിരുന്നു. ആറ് ഗോളിന്റെ വിജയത്തേക്കാള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കാര്യവും ഇതുതന്നെയായിരുന്നു.

എന്നാല്‍, മത്സരശേഷം ആരാധകര്‍ ആഹ്ലാദത്തിന്റെ പരകോടിയിലായിരുന്നു എത്തിയത്. പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ടതിന് പിന്നാലെയായിരുന്നു ആരാധകര്‍ ആവേശത്തിലായത്.

മെസിയുടെയും തന്റെയും ചിത്രത്തിനൊപ്പം, Ídolo e Amigo, Obrigado Futebol (Idol and friend, Thank you football) എന്ന താരത്തിന്റെ ക്യാപ്ഷനായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്.