കരണ്‍ മല്‍ഹോത്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം ശംശേറയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഫിതൂര്‍ എന്ന ഗാനമാണ് വൈ.ആര്‍.എഫ് എന്ന യൂട്യുബ് ചാനലിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഗാനം റിലീസ് ചെയ്തത്. യശ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്.


പ്രണയ രംഗങ്ങള്‍ അടങ്ങിയതാണ് പുറത്തുവന്നിരിക്കുന്ന ഗാനം.അര്‍ജിത്ത് സിങും നീതി മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കരണ്‍ മല്‍ഹോത്രയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ലീക്ക് ആയിരുന്നു. വ്യത്യസ്ത ലുക്കിലാണ് രണ്‍ബീര്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസറിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. 1800 കളില്‍ ജീവിച്ച് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ ആളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. വാണി കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രണ്‍ബീര്‍ ആലിയ ജോഡികള്‍ ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയ്ലറും കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ സഞ്ജുവാണ് റന്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്‍ബീര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ശംശേറയില്‍ സഞ്ജയ് ദത്തും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlight : New song from Samshera is out