കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ച ചിത്രങ്ങളിലൂടെ ചോക്ലേറ്റ് ഹീറോ എന്ന വിളിപ്പേര് നേടിയെടുത്ത അഭിനേതാവാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവ്, നിറം തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങി നിന്ന താരം അഭിനയത്തില്‍ ട്രാക്ക് മാറ്റിയപ്പോള്‍ മികച്ച കഥാപാത്രങ്ങളായിരുന്നു മലയാള സിനിമയ്ക്ക് ലഭിച്ചത്. ന്നാ താന്‍ കേസ് കൊട്, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം തന്റെ പൊട്ടന്‍ഷ്യല്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം തന്നെ താരത്തിന്റെകരിയറില്‍ മികച്ച പൊലീസ് വേഷങ്ങള്‍ നല്‍കിയ തിരക്കഥാകൃത്തായിരുന്നു ഷാഹി കബീര്‍.
നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ഒന്നിച്ച ഈ കൂട്ടുകെട്ടില്‍ തയ്യാറെടുക്കുന്ന മറ്റൊരു ചിത്രമാണ് ഉന്മാദം. കരിയറിലെ മറ്റൊരു പൊലീസ് വേഷത്തിലൂടെയാണ് കുഞ്ചാക്കോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തേ ചിത്രം ആഗസ്റ്റ് 7നാണ് തിയേറ്ററുകളിലെത്തുക എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും പുതിയ റിലീസ് ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഒരാഴ്ച മുമ്പ് ജൂലൈ 31ന് തിയേറ്ററുകളിലേക്കെത്തും.
പാനോരമ മൂവീസ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എഡിറ്റിങ്ങിലൂടെ ശ്രദ്ധിക്കപ്പെട്ട കിരണ്‍ ദാസ് ആണ്. കിരണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലിജോ മോള്‍ ജോസ്, സിദ്ദിഖ്, സാബുമോന്‍, കോട്ടയം നസീര്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബിര്‍ തിരക്കഥയൊരുക്കുന്ന ചിത്രമെന്നതും ഉന്മാദത്തിനായുള്ള കാത്തിരിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തി വലിയ പ്രതീക്ഷയില്‍ അടുത്തിടെപുറത്തിറങ്ങിയ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ബോക്‌സ് ഓഫീസില്‍ പരാജയമായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം കുഞ്ചാക്കോ ബോബന്റെ പെര്‍ഫോമന്‍സിന് വലിയ പ്രശംസ ലഭിച്ചിരുന്നു. ഈ ക്ഷീണം ഉന്മാദത്തിലൂടെ തീര്‍ക്കാന്‍ സാധിക്കുമെന്നാണ് താരത്തിന്റെ ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: New release date for Kunchako Boban starrer Unmadham
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.