ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ നടന്ന ശിശുമരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നു കുറ്റവിമുക്തനായതിനു പിന്നാലെ ഡോക്ടര്‍ കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുഖ്യമന്ത്രി തന്നെയാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്.

അച്ചടക്കമില്ലായ്മ, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിയമിതനായതിനു ശേഷം ഗോരഖ്പുരിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ 2017 വരെ ഖാന്‍ പ്രാക്ടീസ് നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തെറ്റിദ്ധാരണ പരത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

സസ്‌പെന്‍ഷനിലായിരിക്കെ 2018 സെപ്റ്റംബറില്‍ ബഹ്‌റായിച് ജില്ലാ ആശുപത്രിയില്‍ അനധികൃതമായി പ്രവേശിച്ചു കുട്ടികളെ ചികിത്സിക്കാന്‍ ശ്രമിച്ചതും ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചെന്ന ആരോപണവും അന്വേഷണത്തില്‍പ്പെടും.

മെഡിക്കല്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജനീഷ് ദുബെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2017-ല്‍ കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അഴിമതിയോ കൃത്യവിലോപമോ കഫീല്‍ ഖാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സംഭവവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാനെ ആശുപത്രിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും അദ്ദേഹത്തിന് ഏഴുമാസത്തോളം തടവില്‍ കഴിയേണ്ടിവരികയും ചെയ്തിരുന്നു.

സംഭവം നടക്കുന്ന സമയത്ത് എന്‍സിഫലിസിസ് വാര്‍ഡിലെ നോഡല്‍ ഓഫീസര്‍ കഫീല്‍ ഖാന്‍ അല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം അവധിയില്‍ ആയിരുന്നിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി ചെയ്തു. തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് 500 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അദ്ദേഹം സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ്രവ ഓക്‌സിജന്റെ ടെന്‍ഡര്‍, സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഫീല്‍ ഖാന്‍ ഉത്തരവാദിയല്ല. ഓഗസ്റ്റ് 10-12 ദിവസങ്ങളിലായി മെഡിക്കല്‍ കോളജില്‍ 54 മണിക്കൂറോളം ദ്രവ ഓക്സിജന്റെ അഭാവമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017 ആഗസ്റ്റില്‍ അറുപതിലേറെ കുട്ടികളാണ് ഗോരഖ്പുരില്‍ മരണപ്പെട്ടത്. ഓക്‌സിജന്‍ വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന ആരോപണം ഉയര്‍ന്നിരുന്നു.