subhash-chandra-bose
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് 1964 വരെ ജീവിച്ചിരുന്നു എന്നു റിപ്പോര്‍ട്ട്. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇന്നു രാവിലെ പുറത്തുവിട്ട നേതാജിയെക്കുറിച്ചുള്ള രഹസ്യരേഖകളാണ് ഈ സൂചന നല്‍കുന്നത്. കൊല്‍ക്കത്തയിലെ പോലീസ് മ്യൂസിയത്തില്‍ വച്ച് 64 ഫയലുകളാണ് സര്‍ക്കാര്‍, ബോസിന്റെ കുടുംബാംഗങ്ങള്‍ക്കു കൈമാറിയത്.

ആകെ 64  ഫയലുകളിലായുള്ള 12744 പേജുകളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്ന് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ സുരജിത് കര്‍ പുര്‍കായസ്ത അറിയിച്ചു. ഈ ഫയലുകള്‍ വരുന്ന തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങും. ബോസിന്റെ മരുമകന്റെ ഭാര്യ കൃഷ്ണ ബോസ് അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. 1945ല്‍ നടന്ന വിമാനാപകടത്തില്‍ ബോസ് മരിച്ചു എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. അതല്ല രണ്ടാംലോക മഹായുദ്ധത്തിനിടെ ജപ്പാന്‍ സൈനികരുടെ പിടിയിലായ ബോസ് ജയിലില്‍ വച്ചാണ് മരിച്ചത് എന്നും ചിലര്‍ വാദിച്ചിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മറ്റു രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു. ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പര്യമില്ല എന്നാണ് ഇതിനു നല്‍കുന്ന വിശദീകരണം.

പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സുഭാഷ് ചന്ദ്രബോസിന്റെ പിന്മുറക്കാരനായ ചന്ദ്രകുമാര്‍ ബോസ് സ്വാഗതം ചെയ്തു. ബോസിന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സംഘത്തെ നിയോഗിച്ച് ഈ ഫയലുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ കേന്ദ്ര സര്‍ക്കാരും തങ്ങളുടെ കൈവശമുള്ള 135 ഫയലുകള്‍ പരസ്യപ്പെടുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കൈവശം നേതാജിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഫയലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ താന്‍ പ്രധാനമന്ത്രി മോദിയോട് അപേക്ഷിക്കുമെന്നും ചന്ദ്രകുമാര്‍ ബോസ് അറിയിച്ചു. സുഭാഷ്ചന്ദ്ര ബോസിനെക്കുറിച്ചുള്ള ഫയലുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും എന്നാല്‍ പല വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അത് പുറത്തുവിടാന്‍ സാധിക്കില്ലെന്നുമായിരുന്നു ഈയിടെ പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്ത നിലപാട്.