ചുരുങ്ങിയ കാലം കൊണ്ട് മോളിവുഡില്‍ സെന്‍സേഷനായി മാറിയ നടനാണ് നസ്‌ലെന്‍. സൈഡ് റോളുകള്‍ ചെയ്ത് കരിയറാരംഭിച്ച നസ്‌ലെന്റെ തലവര മാറിയത് പ്രേമലുവിലൂടെയായിരുന്നു. മോഹന്‍ലാലിന് ശേഷം സോളോ 100 കോടിയുള്ള നടനായി നസ്‌ലെന്‍ മാറി. ഇപ്പോഴിതാ മികച്ച ലൈനപ്പുമായി സിനിമാലോകത്ത് കളംനിറയുകയാണ് താരം.
പ്രേമലുവിന്റെ രണ്ടാം ഭാഗം ഉപേക്ഷിക്കാന്‍ കാരണം നസ്‌ലെനാണെന്ന തരത്തില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. കരിയറിലെ ഏറ്റവും മോശം തീരുമാനമാണ് നസ്‌ലെന്‍ എടുത്തതെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ അന്ന് വിമര്‍ശിച്ചവരെല്ലാം ഇന്ന് നസ്‌ലെനെക്കുറിച്ച് സംസാരിക്കുകയാണ്.

ഇന്നലെ പുറത്തുവന്ന തമിഴ് ചിത്രം സീനിന്റെ ടൈറ്റില്‍ ടീസറിന് പിന്നാലെയാണ് നസ്‌ലെന്‍ വീണ്ടും ചര്‍ച്ചാവിഷയമായത്. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. ബാക്ക് ടു ബാക്ക് ഹിറ്റുമായി നില്‍ക്കുന്ന സൂര്യയുടെ ഏറ്റവും ഹൈപ്പേറിയ ചിത്രമാണ് സീന്‍.
സൂര്യ ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും നസ്‌ലെനെ ഒരു സീനില്‍ പോലും കാണിക്കുന്നില്ല. ഒരു സൈക്കോ വില്ലനായിട്ടാകും താരം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് പലരും പ്രവചിക്കുന്നത്. സൂര്യ അവതരിപ്പിക്കുന്ന ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസറെ ചലഞ്ച് ചെയ്യുന്ന വില്ലനാണ് നസ്‌ലെന്റെ കഥാപാത്രമെന്ന് ടീസര്‍ സൂചന നല്‍കുന്നു.

‘നിന്നെ അറസ്റ്റ് ചെയ്ത ആദ്യത്തെ ഓഫീസറായിരിക്കും ഞാന്‍. പക്ഷേ, എന്നെ സംബന്ധിച്ച് ഞാന്‍ പിടിച്ച 900ലധികം ചില്ലറ ക്രിമിനലുകളില്‍ നീ വെറുമൊരു ചില്ലറയാണ്’ എന്ന സൂര്യയുടെ ഡയലോഗ് ഇതിനോടകം ചര്‍ച്ചയായി. സൂര്യക്ക് ഒരുപാട് ചലഞ്ച് നല്‍കുന്ന കഥാപാത്രമാകും നസ്‌ലെന്റേതെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പ്രേമലു 2 പോയാലും ബാക്കി സിനിമകളിലൂടെ നസ്‌ലെന്‍ തന്റെ സ്റ്റാര്‍ഡം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ, മട്ടാഞ്ചേരി മാഫിയ തുടങ്ങിയ സിനിമകളും താരത്തിന്റെ ലൈനപ്പിലുണ്ട്.

സൂര്യയുടെ കഥാപാത്രത്തെക്കുറിച്ചും ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കണ്ണുകാണാത്ത പൊലീസുകാരനായിട്ടാണ് സൂര്യ സീനില്‍ പ്രത്യക്ഷപ്പെടുകയെന്ന് പലരും അഭിപ്രായപ്പെടുന്നു. ടീസറില്‍ ഇന്‍ബരാജ് എവിടെയും കണ്ണ് ചിമ്മാത്തതെല്ലാം ഈ പ്രവചനങ്ങള്‍ സ്‌ട്രോങ്ങാക്കുന്നുണ്ട്. സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാകും സീനെന്ന് ഉറപ്പാണ്. നവംബര്‍ ആറിന് ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Naslen’s character in Scene movie discussing in social media
