പാരീസ്: ഫ്രാന്‍സില്‍ ജീവിത ചെലവ് വര്‍ധിക്കുന്നതും വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കെതിരായ വാരാന്ത്യ പ്രതിഷേധങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കാളികളായി. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് ഫ്രഞ്ച് സര്‍ക്കാരില്‍ നിന്നുള്ള വിവരം. ഭൂരിഭാഗവും സമാധാനപരമായാണ് പ്രതിഷേധം നടന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ചത്തെ പ്രതിഷേധത്തില്‍ ഏകദേശം എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായി ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. എന്നാല്‍ 4,10,000 പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പറയുന്നു.
പാരീസ് ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മാഴ്‌സെയില്‍ പൊലീസ് ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ തീവെച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പ്രതിഷേധത്തിലുണ്ടായതുപോലുള്ള അക്രമ സംഭവങ്ങള്‍ ഈ ശനിയാഴ്ചത്തെ പ്രക്ഷോഭത്തില്‍ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഏകദേശം 70,000 പൊലീസുകാരെ രാജ്യത്തെ വിവിധ നഗരങ്ങളിലായി വിന്യസിച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ ഏകദേശം 1,000 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പ്രതിനിധി ലോറന്റ് നുനെസ് പറഞ്ഞു. ഈ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നും നൂനെസ് അറിയിച്ചു.
പാരീസില്‍, നഗരത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലൂടെ ഒരു ലക്ഷത്തി പതിനായിരത്തിലധികം പേര്‍ മാര്‍ച്ച് നടത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളുകളിലെ തകര്‍ന്ന കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തണമെന്നും കൂടുതല്‍ അധ്യാപകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മാര്‍ച്ച്.
രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവിലും സര്‍ക്കാരിന്റെ അമിതമായ പൊലീസ് ഇടപെടലുകളിലും ഇവര്‍ പ്രതിഷേധം അറിയിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് പകരം, കഴിഞ്ഞ ഒരു മാസമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കലാപവിരുദ്ധ പോലീസിനെ നിയോഗിക്കുകയായിരുന്നുവെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധത്തിന്റെ ഭാഗമായി പാരീസില്‍ മ്യൂസിക് ബാന്‍ഡുകളുടെ ഷോകളും നടന്നു. സര്‍ക്കാരിന്റെ പോലീസ് നടപടികളെ വിമര്‍ശിക്കുന്ന ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയതായി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഷേധ പ്രകടനത്തിന്റെ അവസാനഘട്ടത്തില്‍, നഗരത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള പോര്‍ട്ട് ഡി വിന്‍സെന്‍സ് എന്ന സ്ഥലത്ത്, സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്ന, മുഖംമൂടി ധരിച്ച കറുത്ത വസ്ത്രധാരികളായ ചില സംഘങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്നും ഇവരില്‍ ചിലര്‍ പോലീസിന് നേരെ ഗ്ലാസ് കുപ്പികളും കല്ലുകളും എറിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് മറുപടിയായി പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു. പാരീസിലെ മാര്‍ച്ചില്‍ പങ്കെടുത്ത വലിയൊരു ജനക്കൂട്ടത്തിന് നേരെ കലാപവിരുദ്ധ പോലീസ് ലാത്തിച്ചാര്‍ജും നടത്തുകയും ചെയ്തു.
ല്യോണ്‍, ലില്ലെ, മോണ്ട്‌പെല്ലിയര്‍, നാന്റ്‌സ്, ടൂളൂസ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ നഗരമധ്യത്തിലേക്ക് കടക്കുന്നത് തടയാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മാര്‍സെയില്‍, പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ മാലിന്യപ്പെട്ടികള്‍ക്ക് തീയിട്ടു. ക്ലെര്‍മോണ്ട്-ഫെറാന്‍ഡിലും ടൂളൂസിലുമായി കുറഞ്ഞത് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു; ഇതില്‍ ഒരാളുടെ വിരലുകള്‍ അറ്റുപോയതായാണ് റിപ്പോര്‍ട്ട്.
നാന്റ്‌സില്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ കഴുത്തില്‍ ഞെക്കിപ്പിടിക്കുകയും അയാളുടെ തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പൊലീസിന്റെ ക്രൂരതയിലൂടെ മാക്രോണ്‍ ഭരണകൂടം അടിച്ചമര്‍ത്തല്‍ തുടരുകയാണെന്ന് എല്‍ ഇന്‍സൗമിഷന്‍ (L’insoumission) റിപ്പോര്‍ട്ട് ചെയ്തു. ‘അക്രമത്തിന്റെ മന്ത്രി’ എന്ന് വിശേഷിപ്പിക്കാവുന്ന ലോറന്റ് നുനെസിന്റെ കീഴിലുള്ള പൊലീസ് സേന, അനുമതി ലഭിച്ച ഒരു പ്രതിഷേധ പ്രകടനത്തിനിടയില്‍ കണ്ണീര്‍വാതകം പ്രയോഗിക്കുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് ‘നിയമവിരുദ്ധമായ’ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അംഗീകൃത ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്നും അന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
സ്‌കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫ്രാന്‍സില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ച വിദ്യാര്‍ഥി പ്രതിഷേധം വളരെപ്പെട്ടെന്ന് തന്നെ രാജ്യവ്യാപകമായി മാറുകയായിരുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്നതും സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഒന്നും ചെയ്യാത്തതുമെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങാന്‍ കാരണമായി.
ഈ പ്രക്ഷോഭം അസമത്വത്തിനും ജീവിതച്ചെലവ് വര്‍ധനവിനുമെതിരായ വലിയൊരു മുന്നേറ്റമായി മാറിയതായി വിലയിരുത്തപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ 2027-ലെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ചെലവ് ചുരുക്കല്‍ നടപടികള്‍ക്കുമെതിരെ തൊഴിലാളി യൂണിയനുകളും ഇതില്‍ പങ്കുചേര്‍ന്നു. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പകരക്കാരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെയാണ് രാജ്യത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളുണ്ടാവുന്നത്.
Content Highlight: French Weekend Protest: Unions Say Around 800 Hundred People Participated- Police arrest 1000
