കംപ്ലീറ്റ് മാസ് ഹീറോയിലേക്കുള്ള നാനിയുടെ ആദ്യ ചുവടുവെപ്പാണ് ദി പാരഡൈസ്. കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. വ്യത്യസ്തമായ ലുക്കില്‍ നാനി അവതരിച്ച ടൈറ്റില്‍ ടീസറും അനിരുദ്ധ് അണിയിച്ചൊരുക്കിയ ‘ആയാ ഷേര്‍’ എന്ന പാട്ടും കൂടിയായപ്പോള്‍ ഹൈപ്പ് വാനോളമെത്തി.
പലതവണ റിലീസ് മാറ്റിവെച്ച ചിത്രം ഇന്ന് (സെപ്റ്റംബര്‍ 24) തിയേറ്ററുകളിലെത്തുകയാണ്. പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രമായ പാരഡൈസിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ പല സ്‌ക്രീനുകളിലും രാത്രി 10 മണി മുതല്‍ പ്രീമിയര്‍ ഷോ ആരംഭിച്ചു. വന്‍ ഹൈപ്പിലെത്തിയ സിനിമ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചെങ്കിലും ഷോ പൂര്‍ത്തിയായപ്പോള്‍ പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിക്കുന്നത്.

കെ.ജി.എഫ്, ബാഹുബലി പോലുള്ള പാന്‍ ഇന്ത്യന്‍ സിനിമകള്‍ പിന്തുടരുന്ന അതേ പാറ്റേണിലാണ് പാരഡൈസിന്റെ കഥയുമെന്ന് പ്രീമിയര്‍ ഷോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. വലിയൊരു സാമ്രാജ്യത്തില്‍ സാധാരണക്കാരെ അടിമകളാക്കി വെച്ചിരിക്കുന്ന വില്ലനില്‍ നിന്ന് അവരെ രക്ഷിക്കാനെത്തുന്ന നായകന്റെ കഥയാണ് പാരഡൈസ് പറയുന്നത്.
ഗംഭീരമായ ആദ്യപകുതിയും അതിന്റെ വിലകളഞ്ഞ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേതെന്നാണ് ഏര്‍ലി റിവ്യൂകള്‍. പാസത്തില്‍ പൊതിഞ്ഞ കഥ ക്ഷമ പരീക്ഷിച്ചെന്നും മോശം സൗണ്ട് ഡിസൈനിങ് തലവേദന സമ്മാനിച്ചെന്നും പ്രേക്ഷകര്‍ പ്രതികരിക്കുന്നു. മാസ് ഹീറോയ്ക്ക് വേണ്ട സ്വാഗും ഓറയും നാനിക്ക് ഇല്ലെന്നും പോസ്റ്റുകളില്‍ പറയുന്നുണ്ട്.

സൂര്യയുടെ കങ്കുവയുമായാണ് പലരും പാരഡൈസിനെ താരതമ്യം ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ സ്റ്റാറാകാനുള്ള സൂര്യയുടെ ശ്രമം അമ്പേ പരാജയപ്പെട്ട ചിത്രമായിരുന്നു കങ്കുവ. ഇന്ത്യയിലെ വമ്പന്‍ നഗരങ്ങള്‍ കവര്‍ ചെയ്തുകൊണ്ടുള്ള പ്രൊമോഷനെല്ലാം കണ്ട് ഹൈപ്പ് കയറി അതിരാവിലെയുള്ള ഫാന്‍സ് ഷോയ്ക്ക് കയറിയ ആരാധകര്‍ക്ക് ലൈഫ്‌ടൈം ട്രോമയായിരുന്നു കങ്കുവ.
ഇപ്പോഴിതാ പാരഡൈസിനും കങ്കുവയുടെ അതേ ഗതി തന്നെയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. 100 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ പാരഡൈസ് റിലീസിനോടടുത്തപ്പോള്‍ വലിയ പ്രതിസന്ധി നേരിട്ടെന്നായിരുന്നു ഇന്‍സൈഡ് റിപ്പോര്‍ട്ടുകള്‍.

കഥയെച്ചൊല്ലി സംവിധായകനും നിര്‍മാതാവും വാക്കുതര്‍ക്കമായെന്നും ഷൂട്ട് നീട്ടിക്കൊണ്ട് പോകാതെ രണ്ടാഴ്ച കൊണ്ട് പെട്ടെന്ന് തട്ടിക്കൂട്ടി തീര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാന്‍ ഇന്ത്യന്‍ സിനിമയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തെലുങ്ക്, തമിഴ് ഭാഷകളിലെ കണ്ടന്റുകള്‍ മാത്രമാണ് ഇപ്പോള്‍ തിയേറ്ററുകളിലെത്തിയത്.
Content Highlight: Nani’s Paradise movie getting disastrous response after premiere shows
