എഡിറ്റര്‍
എഡിറ്റര്‍
സി.ബി.ഐ കൂട്ടിലടച്ച തത്ത തന്നെ; ജിഷ്ണു കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സി.ബി.ഐയ്‌ക്കെതിരെ എം.വി ജയരാജന്‍
എഡിറ്റര്‍
Saturday 18th November 2017 3:43am

 

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സി.ബി.ഐ നടപടിക്കെതിരെ എം.വി ജയരാജന്‍. സി.ബി.ഐയെ കൂട്ടിലടച്ച തത്ത എന്ന് വിളിക്കുന്നത് തീര്‍ത്തും യോജ്യമാണെന്ന് എം.വി ജയരാജന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

‘ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് നിയമാനുസൃതമായ വിജ്ഞാപനം സഹിതം കത്തയച്ചത്. അന്വേഷണം ഏറ്റെടുക്കാത്ത നടപടിയെ ചോദ്യം ചെയ്ത് കേസില്‍ സുപ്രിംകോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ചത് ‘കള്ള സത്യവാങ്മൂല’മാണെന്ന് തെളിഞ്ഞു. സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയത് കേരള സര്‍ക്കാരില്‍ നിന്നും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യാതൊരു കത്തും കിട്ടിയിട്ടില്ലെന്നായിരുന്നു.’


Also Read: വികസനം ആയിക്കോളൂ; പക്ഷെ ഞങ്ങളുടെ കിടപ്പാടം ഇല്ലാതാക്കിയാകരുത്


എന്നാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റ അഡീഷണല്‍ സെക്രട്ടറിക്ക് സി.ബി.ഐ ചെന്നൈ മേഖല ജോ.ഡയറക്ടര്‍ നാഗേശ്വര റാവു അയച്ച മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ 10/8/2017ല്‍ അയച്ച കത്താണ് സൂചനയായി കൊടുത്തത്. ഇതുവഴി സര്‍ക്കാരില് നിന്ന് കത്ത് കിട്ടിയില്ലെന്ന സി.ബി.ഐ വാദം കള്ളമായിരുന്നെന്ന് വ്യക്തമായതായും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അസാധാരണമല്ലാത്ത കേസായതിനാല്‍ ഏറ്റെടുക്കുന്നില്ലെന്ന നിലപാട് പതിവ് മറുപടിയാണെന്നും ജയരാജന്‍ പറഞ്ഞു. ഏറ്റെടുത്ത കേസുകളില്‍ കുറ്റമറ്റ അന്വേഷണം നടത്താറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ആര്‍.എസ്.എസ് അനുബന്ധ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ കൂട്ടിലടച്ച തത്തയെപ്പോലെ കേസുകള്‍ ഏറ്റെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.


Also Read: പത്മാവതിക്കെതിരെ സെന്‍സര്‍ ബോര്‍ഡും; അപേക്ഷ അപൂര്‍ണ്ണമെന്ന് കാണിച്ച് സെന്‍സര്‍ ചെയ്യാതെ തിരിച്ചയച്ചു


നേരത്തെ കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന സി.ബി.ഐ നിലപാടിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ കേസ് സി.ബി.ഐയ്ക്കു വിടില്ല എന്നും സി.ബി.ഐ എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു.

ജിഷ്ണുവിന്റെ അമ്മയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ നിലപാട് അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്ന് ജസ്റ്റിസുമാരായ എന്‍.വി രമണ, അമിതാവ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Advertisement