മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം
Kerala
മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം
ശ്രീലക്ഷ്മി പി.പി
Friday, 21st August 2026, 4:54 pm

എറണാകുളം: മുത്തങ്ങ ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട അബ്ദുൾ സലാം വധശ്രമക്കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഗീതാനന്ദൻ, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽ കുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

46,000 രൂപ വീതം കെട്ടിവെക്കണമെന്നും ഒരാഴ്ചയ്ക്കകം രണ്ട് ആൾ ജാമ്യക്കാരെ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിൽ പിഴവുകളുണ്ടാകാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സെഷൻസ് കോടതി വിധിക്കെതിരായ അപ്പീലും ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഗൂഢാലോചനാക്കുറ്റവുമായി ബന്ധപ്പെട്ട സെഷൻസ് കോടതി വിധിയിലെ ചില പരാമർശങ്ങളിൽ ഹൈക്കോടതി സംശയം രേഖപ്പെടുത്തി. വിധിയുടെ വിവിധ ഭാഗങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

അപ്പീലുമായി ബന്ധപ്പെട്ട് സി.ബി.ഐക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. സെഷൻസ് കോടതി അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ ചില പ്രതികൂല പരാമർശങ്ങൾക്കെതിരെ പ്രത്യേക അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതായി സി.ബി.ഐ കോടതിയെ അറിയിച്ചു.

2003ൽ വയനാട്ടിലെ മുത്തങ്ങയിൽ നടന്ന ആദിവാസി ഭൂസമരത്തിന് സി.കെ. ജാനുവും എം. ഗീതാനന്ദനും നേതൃത്വം നൽകിയിരുന്നു. ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് കൃഷിഭൂമി ആവശ്യപ്പെട്ടായിരുന്നു സമരം. 2003 ഫെബ്രുവരി 19ന് സമരക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ്-വനംവകുപ്പ് നീക്കത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ആദിവാസി യുവാവ് ജോഗിയും പൊലീസ് കോൺസ്റ്റബിൾ വിനോദും കൊല്ലപ്പെട്ടിരുന്നു.

വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട പ്രത്യേക കേസിൽ തെളിവുകളുടെ അഭാവത്തിൽ ഗീതാനന്ദൻ ഉൾപ്പെടെ വിചാരണ നേരിട്ട എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ആ കേസിൽ 57 പ്രതികളുണ്ടായിരുന്നെങ്കിലും 15 പേർ വിചാരണയ്ക്കിടെ മരിച്ചു.

മുത്തങ്ങ സമരം നടന്ന് ഏകദേശം 23 വർഷങ്ങൾക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോകൽ, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി സെഷൻസ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരെ ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight:Muthanga Attempted Murder Case: High Court Grants Bail to Four Accused, Including Geethanandan.

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.