കോഴിക്കോട്:നല്ല ബസ്സുകള്‍ ഇറക്കുകയും യാത്രക്കാര്‍ക്കായി ഏറ്റവും വൃത്തിയുള്ളതും ആധുനികവുമായ ശൗചാലയം ഉണ്ടാക്കുകയും ചെയ്താല്‍ മൂന്ന്-നാല് വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി ലാഭകരമാവുമെന്ന് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍. കാസര്‍ഗോഡ് നിന്ന് എം.വി.ആര്‍ കാന്‍സര്‍ സെന്ററിലേക്ക് സര്‍വീസ് നടത്തുന്ന ബസ് സര്‍വീസിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

കെ.എസ്.ആര്‍.ടി.സിക്ക് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബസ് വാങ്ങിക്കൊടുത്തതിനുശേഷം ഒരുപാട് ആളുകള്‍ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി. ജോണ്‍ മന്ത്രി ആയതിനുശേഷം വന്ന വലിയ സംഭവവികാസമാണ് കെ.എസ്.ആര്‍.ടി.സിക്ക് പൈസ മുടക്കാതെ പുതിയ ബസ്സുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഈ 22-ാം തീയതി ഉദ്ഘാടനം ചെയ്യുന്ന പുതിയ ബസ് പോകുന്ന റൂട്ട് കാസര്‍ഗോഡ് നിന്ന് കോഴിക്കോട് വഴി എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കാണ്. കാസര്‍ഗോഡ്, നീലേശ്വരം, പയ്യന്നൂര്‍, തളിപ്പറമ്പ് ഭാഗങ്ങളില്‍ നിന്ന് ഒരുപാട് രോഗികളാണ് എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്ക് എത്തുന്നത്. അവര്‍ക്ക് അവിടെ നിന്ന് രാവിലെ കയറിയാല്‍ ഇവിടെ എത്താന്‍ കഴിയും. അവരുടെ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാതെ തന്നെ എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നല്ലൊരു ബസാണ് കൊടുത്തിട്ടുള്ളത്. ഇത് വിജയിച്ചാല്‍ അത് എ.സി. ബസ്സാക്കി മാറ്റുവാന്‍ ഒരു ശ്രമം എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. നല്ല കെ.എസ്.ആര്‍.ടി.സി ബസ്സുകളും അതുപോലെ ഏറ്റവും നല്ല ശൗചാലയം ഉണ്ടാക്കുക എന്നുള്ളതാണ്. ഏറ്റവും വൃത്തിയുള്ള ആധുനിക രീതിയിലുള്ള ശൗചാലയം ഉണ്ടാകുകയും ഓരോ ഉപയോഗത്തിനു ശേഷം അത് വൃത്തിയാക്കാനും ശ്രദ്ധിക്കണം. ഇത് സംരക്ഷിക്കുന്നതിനൊരു പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ എ.സി. ബസ്സുകള്‍ ഇറക്കുവാന്‍ കഴിയുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ കെ.എസ്.ആര്‍.ടി.സി മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ രീതിയില്‍ ലാഭകരമാകും എന്നാണ് എന്റെ വിശ്വാസം.എന്റെ ഈ ഫേസ്ബുക്ക് കാണുന്ന എല്ലാ ആളുകളോടും പറയാനുള്ളത് നിങ്ങളുമായി ബന്ധപ്പെട്ട സംഘടനകളോ കമ്പനികളോ ഒരു 40 ലക്ഷം രൂപ മുടക്കി പുതിയ ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് വാങ്ങിക്കൊടുക്കുവാന്‍ കഴിഞ്ഞാല്‍ നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുനന്മ ഫണ്ട് ഉപയോഗിച്ച് ചെയ്യുവാന്‍ സാധിക്കും. ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ കേരളത്തെ ബേസ് ചെയ്തുകൊണ്ടുള്ള കമ്പനികള്‍ കെ.എസ്.ആര്‍.ടി.സിക്ക് അമ്പതോ നൂറോ ബസ്സുകളും യൂസഫലി, ഗള്‍ഫ് ആര്‍. മുഹമ്മദ് അലി, രവി പിള്ള തുടങ്ങിയ ആളുകള്‍ക്ക് 100-200 ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് സുന്ദരമാക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാനും കെഎസ്ആര്‍ടിസിയും

ഞാന്‍ ഇന്ന് കെഎസ്ആര്‍ടിസിയെപ്പറ്റി ആലോചിക്കാനുള്ള കാരണം കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പൊതുനന്മ ഫണ്ട് ഉപയോഗിച്ച് കെഎസ്ആര്‍ടിസിക്ക് സൗജന്യമായി ഒരു ബസ് വാങ്ങിക്കൊടുക്കുകയാണ്. ആ ബസ് ഈ വരുന്ന ഒക്ടോബര്‍ 22-ാം തീയതി ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയാണ്. അപ്പോഴാണ് ഞാനും കെഎസ്ആര്‍ടിസിയും തമ്മിലുള്ള ബന്ധം മനസ്സിലൂടെ കടന്നുവന്നത്.

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കെഎസ്ആര്‍ടിസിയില്‍ കയറുന്നത്. എറണാകുളത്തേക്കുള്ള ഒരു യാത്രയായിരുന്നു അത്. അന്ന് എന്റെ മൂത്ത ജ്യേഷ്ഠന്‍ സദാനന്ദന്‍ കെഎസ്ആര്‍ടിസിയില്‍ ചാര്‍ജ്മാനായി ജോലി ചെയ്യുകയായിരുന്നു. എറണാകുളത്തായിരുന്നു ജോലി.

ജ്യേഷ്ഠന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞു പിറ്റേദിവസം തന്നെ കെഎസ്ആര്‍ടിസിയില്‍ കയറി എറണാകുളത്തേക്ക് വരണമെന്ന്. നേവിയുടെ സ്‌കൂളില്‍ ഒരു ഇന്റര്‍വ്യൂ നടക്കുന്നുണ്ട്. നേവി സ്‌കൂളില്‍ കിട്ടിയാല്‍ ജോലി സാധ്യതയും വിദ്യാഭ്യാസത്തിന്റെ നിലവാരവും ഒക്കെ വളരെ വ്യത്യസ്തമാണ്.

അന്ന് ഫറോക്കില്‍ കൂടിയാണ് ബസുകള്‍ മുഴുവന്‍ വന്നിരുന്നത്. പുതിയ പാലം അന്ന് ഉണ്ടായിരുന്നില്ല. ഇന്ന സമയത്ത് വരുന്ന കെഎസ്ആര്‍ടിസി ഫറോക്കില്‍ നിര്‍ത്തും, നീ അതില്‍ കയറിയാല്‍ മതി എന്നാണ് പറഞ്ഞത്.

ഞാന്‍ എന്റെ ഡ്രസ്സൊക്കെ എടുത്ത് കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തേക്ക് പോകുന്ന ഒരു ബസ്സില്‍ രാവിലെ 11 മണിക്കാണ് ഫറോക്കില്‍ നിന്ന് കയറിയത്. ആ ബസ് ഫറോക്കില്‍ നിര്‍ത്തി എന്നെ കയറ്റി. എന്റെ ഏട്ടന്‍ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു.

അങ്ങനെ വൈകുന്നേരമാണ് കല്ലൂരില്‍ ഇന്ന് കാണുന്ന മാതൃഭൂമിയുടെ മുന്നില്‍ ഇറങ്ങിയത്. അവിടെ ഒരു ലോഡ്ജിലായിരുന്നു ചേട്ടന്‍ താമസിച്ചിരുന്നത്. അന്ന് വൈകുന്നേരം അവിടെ നിന്ന് ഭക്ഷണമൊക്കെ കഴിച്ച് ലോഡ്ജില്‍ താമസിച്ചു. പിറ്റേദിവസം രാവിലെ ഇന്റര്‍വ്യൂവിന് പോയി.

പക്ഷേ എന്റെ ഭാഗ്യത്തിന് ഇന്റര്‍വ്യൂവില്‍ ഞാന്‍ ജയിച്ചില്ല. ശരാശരിയിലും താഴെയുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ആ ഇന്റര്‍വ്യൂ ജയിച്ചെടുക്കാനും അവിടേക്ക് പോകാനും സാധിച്ചില്ല.

ഇന്നത്തെ വിജയകൃഷ്ണന്‍ എന്ന വ്യക്തിയെ വാര്‍ത്തെടുക്കാന്‍ അന്ന് അത് കിട്ടാത്തത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്. ഇല്ലെങ്കില്‍ ഞാനൊരു നേവി ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത് മരണം കാത്തിരിക്കുന്ന ഒരാളായി മാറുമായിരുന്നു. അതിനു വ്യത്യസ്തമായി ഇങ്ങനെയൊക്കെ ആകാന്‍ ആ ഇന്റര്‍വ്യൂ ഒരു നിമിത്തമായി.

എനിക്ക് ബസ്സില്‍ യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. ഒരു ദിവസം അവിടെ താമസിച്ചു. അന്ന് കൊച്ചി എയര്‍പോര്‍ട്ട് നേവല്‍ ബേസിലാണ്. കൊച്ചി എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിമാനം പറന്നുയരുന്നതും കപ്പല്‍ശാല തുടങ്ങിയുള്ള എല്ലാം കാണിച്ചുതന്നു.

അന്ന് കല്ലൂര്‍ വരെ എറണാകുളം ടൗണ്‍ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞാല്‍ ഗ്രാമപ്രദേശമായിരുന്നു. പിന്നെ ടൗണ്‍ കാണണമെങ്കില്‍ കളമശ്ശേരി എത്തണമായിരുന്നു. ഇന്ന് കൊച്ചി ഒരുപാട് വികസിച്ചു. എല്ലാ സ്ഥലവും ടൗണായി മാറി.

തിരിച്ചുള്ള യാത്ര ഒരു പയ്യന്നൂര്‍ ബസ്സിലായിരുന്നു. ഉച്ചയ്ക്ക് 2.05-ന് പയ്യന്നൂരിലേക്ക് ഒരു ബസ് ഉണ്ടായിരുന്നു. ആ ബസ്സിലെ മുന്‍സീറ്റിലിരുത്തി ഡ്രൈവറോടും കണ്ടക്ടറോടും ചേട്ടന്‍ പറഞ്ഞു. അവിടെ നിന്നും ഞാന്‍ യാത്രയായി.

ആ ബസ് ഫറോക്ക് അങ്ങാടിയില്‍ എത്തുന്നത് വൈകിട്ട് ആറേ കാലിനാണ്. പിന്നീട് ഞാന്‍ കുറെക്കാലം ഫറോക്ക് അങ്ങാടിയിലൂടെ ആറേ കാലിനു ആ പയ്യന്നൂര്‍ ബസ് പോകുന്നത് നോക്കുമായിരുന്നു.
അങ്ങനെയുള്ള ഒരു ബന്ധമാണ് എനിക്ക് കെഎസ്ആര്‍ടിസിയുമായുള്ളത്. അതിനുപുറമേ എന്റെ ജ്യേഷ്ഠന്റെ ഭാവി നിര്‍ണയിച്ചതും കെഎസ്ആര്‍ടിസിയായിരുന്നു. അവന്റെ വിവാഹവും മക്കളുടെ ഭാവിയുമൊക്കെ കെഎസ്ആര്‍ടിസിയിലൂടെയാണ് ഉണ്ടായത്. ഒരു പ്രത്യേക വ്യക്തിത്വമായിരുന്നു എന്റെ ജ്യേഷ്ഠന്‍. അത് ഞാന്‍ പിന്നീട് പറയാം.

കെഎസ്ആര്‍ടിസിക്ക് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബസ് വാങ്ങിക്കൊടുത്തതിനുശേഷം ഒരുപാട് ആളുകള്‍ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ട്. ഒരു പുതുമയാണിത്. തിരുവിതാംകൂര്‍ രാജാവ് തുടങ്ങി വന്ന കാലം മുതല്‍ ഇന്നുവരെ കെഎസ്ആര്‍ടിസിക്ക് സൗജന്യമായി ബസ്സുകള്‍ കിട്ടിയിരുന്നില്ല. സി. പി. ജോണ്‍ മന്ത്രി ആയതിനുശേഷം വന്ന വലിയ സംഭവവികാസമാണ് കെഎസ്ആര്‍ടിസിക്ക് പൈസ മുടക്കാതെ പുതിയ ബസ്സുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നുള്ളത്.

ഈ 22-ാം തീയതി ഉദ്ഘാടനം ചെയ്യുന്ന പുതിയ ബസ് പോകുന്ന റൂട്ട് കാസര്‍ഗോഡ് നിന്ന് കോഴിക്കോട് വഴി എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കാണ്. കാസര്‍ഗോഡ്, നീലേശ്വരം, പയ്യന്നൂര്‍, തളിപ്പറമ്പ് ഭാഗങ്ങളില്‍ നിന്ന് ഒരുപാട് രോഗികളാണ് എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്ക് എത്തുന്നത്. അവര്‍ക്ക് അവിടെ നിന്ന് രാവിലെ കയറിയാല്‍ ഇവിടെ എത്താന്‍ കഴിയും. അവരുടെ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാതെ തന്നെ എത്താന്‍ സാധിക്കും.

ഇപ്പോള്‍ നല്ലൊരു ബസ്സാണ് കൊടുത്തിട്ടുള്ളത്. ഇത് വിജയിച്ചാല്‍ അത് എസി ബസ്സാക്കി മാറ്റുവാന്‍ ഒരു ശ്രമം എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.

കെഎസ്ആര്‍ടിസിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ എന്റെ എറണാകുളം യാത്ര ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. ഇത്ര ദൂരം എന്റെ ചെറുപ്പത്തില്‍ യാത്ര ചെയ്തതും ആദ്യമായിട്ടായിരുന്നു. പിന്നീട് ഒരുപാട് യാത്രകള്‍ നടത്തി. കെഎസ്ആര്‍ടിസിയിലും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടിലും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടിലുമൊക്കെ നടത്തി. പക്ഷേ ഈ യാത്ര മറക്കാന്‍ കഴിയുകയില്ല.

നല്ല കെഎസ്ആര്‍ടിസി ബസ്സുകളും അതുപോലെ ഏറ്റവും നല്ല ശൗചാലയം ഉണ്ടാക്കുക എന്നുള്ളതാണ്. ഏറ്റവും വൃത്തിയുള്ള ആധുനിക രീതിയിലുള്ള ശൗചാലയം ഉണ്ടാകുകയും ഓരോ ഉപയോഗത്തിനു ശേഷം അത് വൃത്തിയാക്കാനും ശ്രദ്ധിക്കണം. ഇത് സംരക്ഷിക്കുന്നതിനൊരു പ്രത്യേക ടീമിനെ നിയോഗിക്കണം.
പുതിയ എസി ബസ്സുകള്‍ ഇറക്കുവാന്‍ കഴിയുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ കെഎസ്ആര്‍ടിസി മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ രീതിയില്‍ ലാഭകരമാകും എന്നാണ് എന്റെ വിശ്വാസം.

എന്റെ ഈ ഫേസ്ബുക്ക് കാണുന്ന എല്ലാ ആളുകളോടും പറയാനുള്ളത് നിങ്ങളുമായി ബന്ധപ്പെട്ട സംഘടനകളോ കമ്പനികളോ ഒരു 40 ലക്ഷം രൂപ മുടക്കി പുതിയ ബസ്സുകള്‍ കെഎസ്ആര്‍ടിസിക്ക് വാങ്ങിക്കൊടുക്കുവാന്‍ കഴിഞ്ഞാല്‍ നല്ലതായിരിക്കും. പൊതുനന്മ ഫണ്ട് ഉപയോഗിച്ച് ചെയ്യുവാന്‍ സാധിക്കും.

ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ കേരളത്തെ ബേസ് ചെയ്തുകൊണ്ടുള്ള കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് അമ്പതോ നൂറോ ബസ്സുകളും യൂസഫലി, ഗള്‍ഫ് ആര്‍. മുഹമ്മദ് അലി, രവി പിള്ള തുടങ്ങിയ ആളുകള്‍ക്ക് 100200 ബസ്സുകള്‍ കെഎസ്ആര്‍ടിസിക്ക് വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് സുന്ദരമാക്കുവാന്‍ കഴിയും എന്നാണ് എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് പറയാനുള്ളത്.

നിങ്ങള്‍ക്ക് ഈ ആളുകളുമായൊക്കെ ബന്ധമുണ്ടെങ്കില്‍ അവരുടെ അടുത്ത് ഈ ഫേസ്ബുക്ക് പോസ്റ്റ് എത്തിച്ചുകൊടുക്കണം. അവര്‍ക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യട്ടെ, അല്ലെങ്കില്‍ ഒഴിവാക്കി കളയട്ടെ.

Content Highlight: CN VijayaKrishnan About KSRTC