തിരുവനന്തപുരം: എക്സൈസ് മന്ത്രി അറിയാതെ സംസ്ഥാനത്തെ ബേക്കറികൾ വഴി വീര്യം കൂടിയ ഹോർട്ടി വൈനുകൾ വിൽക്കാൻ അനുമതി നൽകിയ നടപടി വിവാദത്തിൽ.
തൃശൂർ ചാലക്കുടിയിലെ ഒരു ബേക്കറിയിൽ വൈൻ വിൽപ്പന ആരംഭിച്ചതോടെയാണ് സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വിഷയത്തിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു, എക്സൈസ് കമ്മീഷണറോട് അടിയന്തര വിശദീകരണം തേടുകയും നൽകിയ വിൽപനാനുമതി റദ്ദാക്കാൻ കർശന നിർദേശം നൽകുകയും ചെയ്തു.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന്റെ ആദ്യപടിയായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റാൻ സർക്കാർ തീരുമാനിച്ചു.
സംസ്ഥാനത്ത് കാർഷികോൽപന്നങ്ങളിൽ നിന്നുള്ള വീര്യം കൂടിയ ഹോർട്ടി വൈനിന്റെ ചില്ലറ വിൽപന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2024 ജനുവരി 24-നാണ് മുൻ ഇടതുപക്ഷ സർക്കാർ അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയത്.
തുടർന്ന് 2025-ൽ ചാലക്കുടിയിലെ ബേക്കറി ഉടമ ഹോർട്ടി വൈൻ വിൽപ്പന ലൈസൻസിനായി എക്സൈസ് വകുപ്പിന് അപേക്ഷ സമർപ്പിച്ചു. തുടർന്ന് 2026 ജൂൺ 24-ന് എക്സൈസ് കമ്മീഷണർ ഈ അപേക്ഷയിൽ അനുമതി നൽകുകയായിരുന്നു. എക്സൈസ് കമ്മീഷണർ പദവിയിൽ ചുമതലയേറ്റ് വെറും രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താതെ ശ്രീറാം സാംബശിവറാവു ഐ.എ.എസ് ഇത്തരമൊരു നിർണായക തീരുമാനമെടുത്തത്.
‘ഇത് മന്ത്രി അറിയേണ്ട കാര്യമില്ലാത്ത വിഷയമാണ് എന്ന് സാങ്കേതികമായി വാദിക്കാം. എന്നാൽ സാധാരണഗതിയിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സുപ്രധാനമായ ഒരു പോളിസി ഡിസിഷൻ ആയതുകൊണ്ടുതന്നെ മന്ത്രിയെ അറിയിക്കേണ്ടതുണ്ട്. സാങ്കേതികമായി ചിന്തിച്ചാൽ ഒരുപക്ഷേ ഫയൽ മന്ത്രിയുടെ മുൻപിൽ നേരിട്ട് വരണമെന്നില്ല. എങ്കിലും വകുപ്പ് മന്ത്രിയെ ഉൾപ്പെടെ കൃത്യമായി ബോധ്യപ്പെടുത്തി മാത്രമായിരുന്നു ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കേണ്ടിയിരുന്നത്,’ എന്ന് മന്ത്രി പറഞ്ഞു.
വിവാദങ്ങൾക്ക് പിന്നാലെ 15 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറി വഴി വിൽക്കാൻ നൽകിയ ലൈസൻസ് പൂർണമായും റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടു.
ഇതിനുപുറമെ, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അബ്കാരി ചട്ടത്തിൽ കൊണ്ടുവന്ന ഈ ഭേദഗതി സമഗ്രമായി പുനപരിശോധിക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. വിഷയം പരിശോധിച്ച് നിയമോപദേശം തേടിയ ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര-എക്സൈസ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അതേസമയം, ബേക്കറി വഴിയുള്ള ഹോർട്ടി വൈൻ വിൽപന എക്സൈസ് മന്ത്രി അറിയാത്തത് നിലവിലെ സർക്കാരിന്റെയും മന്ത്രിയുടെയും മാത്രം വീഴ്ചയാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു.
ജൂൺ മാസത്തിലാണ് ലൈസൻസ് കൊടുത്തതെന്നും അക്കാര്യം പരിശോധിക്കേണ്ടത് നിലവിലെ ഭരണനേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹം അറിയാത്തത് നമ്മുടെ കുറ്റമല്ലല്ലോ, അവരുടെ തന്നെ കുറ്റമല്ലേ? ജൂൺ മാസത്തിൽ എന്ന് പറഞ്ഞാൽ അദ്ദേഹം മന്ത്രിയായതിനു ശേഷമാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചതും നിലവിലുള്ള ചട്ടപ്രകാരം ജൂൺ മാസത്തിൽ നൽകിയതുമായ ഒരു കാര്യമാണിത്.
അപ്പോൾ അത് അറിയാത്തത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. കർഷകരുടെ ഉത്പന്നങ്ങൾക്ക് ഒരു വിപണി ഉറപ്പാക്കുന്നതിനു വേണ്ടി മാത്രമാണ് അന്ന് ചട്ടഭേദഗതി വരുത്തിയത്. അത്രയും കാര്യങ്ങൾ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചെയ്തിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ ഹോർട്ടി വൈൻ വിൽക്കാനുള്ള ഒരു ലൈസൻസും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നൽകിയിരുന്നില്ല. ഹോർട്ടി വൈനും വീര്യം കൂടിയ മദ്യവും ഒന്നാണെന്ന തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇത് രണ്ടും രണ്ടാണ്. ഇത് സാധാരണ മദ്യമല്ല, കർഷകരുടെ ഉൽപന്നങ്ങൾ ഫെർമെന്റേഷൻ പ്രക്രിയക്ക് വിധേയമാക്കി നിർമ്മിക്കുന്ന വൈൻ മാത്രമാണ്,’ എന്ന് എം.ബി. രാജേഷ് പറഞ്ഞു.
Content Highlight:‘Horti’ wine sold through bakeries without the Excise Minister’s knowledge; Excise Deputy Commissioner transferred.
