കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സി.എം.ആര്‍.എല്‍- എക്‌സാലോജിക് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട് നിരാശാജനകമെന്ന് ആര്‍.എം.പി എം.എല്‍.എ കെ.കെ. രമ. കേസില്‍ പിണറായി വിജയന്‍ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് നിരാശാജനകമാണെന്ന് കെ.കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇ.ഡി റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ കേസെടുക്കാതെ ഒരു എസ്.ഐ.ടി രൂപീകരിച്ച് ഇ.ഡി നല്‍കിയ തെളിവുകളുടെ മേല്‍ സ്വന്തവും സ്വതന്ത്രവുമായി അന്വേഷണം നടത്താന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും യു.ഡി.എഫ് നേതൃത്വത്തിന്റേയും തീരുമാനം രാഷ്ട്രീയമായി ശരിയായ നിലപാട് തന്നെയാണ് എന്നാണ് മനസ്സിലാക്കുന്നതെന്നും ആര്‍.എം.പി നേതാവ് പറഞ്ഞു.

‘പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇ.ഡി സ്‌ക്രിപ്റ്റിനനുസരിച്ച് ആടേണ്ട ബാധ്യത തീര്‍ച്ചയായും സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാരിനില്ല. അതിനനുസൃതമായ നിലപാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വരെ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചത് തീര്‍ത്തും ശരിയുമാണ്.

എന്നാല്‍ ഈ കേസില്‍ ഇ.ഡി കൈമാറിയ തെളിവുകള്‍ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്താന്‍ പര്യാപ്തമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ വിധി പ്രഖ്യാപിച്ച് കഴിഞ്ഞതിന് ശേഷം, ആയതിനെതിരെ പിണറായി വിജയന്‍ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് തീര്‍ച്ചയായും നിരാശാജനകവും, കഴിഞ്ഞ സര്‍ക്കാരിന്റെ കൊടിയ അഴിമതികള്‍ക്കെതിരായ ഡറള സര്‍ക്കാരിന്റെ പൊതുനിലപാടിന്റെ നിറം കെടുത്തുന്നതുമായിരുന്നു എന്ന കാര്യം പറയാതിരിക്കാനാവില്ല,’ കെ.കെ. രമ കുറിച്ചു.

അക്കാര്യത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ നല്ല ഉദ്ദേശത്തില്‍ തന്നെ പരിഗണിക്കാന്‍ ഈ സര്‍ക്കാര്‍ സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ആര്‍.എം.പി നേതാവ് വ്യക്തമാക്കി. തനിക്ക് നേരെ കൃത്യമായ തെളിവുകളോടെ ഉയര്‍ന്നുവന്ന അഴിമതിക്കേസുകളെ നിയമപരമായി നേരിടുന്നതിന് പകരം, കേസെടുക്കരുതെന്നാവശ്യപ്പെട്ട് പിണറായി വിജയനും കൂട്ടരും അപഹാസ്യരായി കോടതികള്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണെന്നും രമ പറഞ്ഞു.

‘ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ചവറ്റുകൊട്ടയിലെറിഞ്ഞ വ്യര്‍ത്ഥ വാദങ്ങളുമായി നിയമത്തിന്റെ നൂല്‍പ്പഴുതുതേടി ഈ സാമ്പത്തിക കുറ്റവാളിക്കൂട്ടം ഇപ്പോള്‍ സുപ്രീം കോടതിയിലാണ് അഭയം തേടിയിരിക്കുന്നത്.

ഈ കേസില്‍ കോടതികള്‍ ഇനി എന്ത് വിധി പറഞ്ഞാലും, നല്‍കാത്ത സേവനക്കണക്കില്‍ മാസപ്പടിയായി കോടികള്‍ പറ്റിയതിന്റേയും, തുടങ്ങാനിരിക്കുന്ന ബിസിനസ്സെന്ന പെരുംനുണയുടെ മറവില്‍ കോടികളുടെ അഴിമതിപ്പണം ഹവാലാവഴികളിലൂടെ കടത്തിയതിന്റേയുമെല്ലാം അവിശുദ്ധമായ വാസ്തവമെന്താണെന്ന്, അവനവന്റെ വിലയിരുത്തല്‍ ശേഷി ആര്‍ക്കും പണയം കൊടുത്തിട്ടില്ലാത്ത മനുഷ്യരാകെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം,’ ആര്‍.എം.പി നേതാവ് കുറിച്ചു.

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്ന സാഹചര്യം കേരളത്തിന്റെ ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവുകയാണെ ന്നും കെ.കെ. രമ പറഞ്ഞു.

‘പ്രതിപക്ഷമെന്നത് ഭരണപക്ഷത്തോളമോ, ഒരു പക്ഷെ അതിലേറെയോ സുപ്രധാനമാണ് ജനാധിപത്യത്തിലെന്ന് നമുക്കറിയാം. ഭരണ സംവിധാനത്തിന്റെ തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്ന, നിലകൊള്ളേണ്ടുന്ന പ്രതിപക്ഷമെന്നത് തീര്‍ച്ചയായും നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവുമാണ്. എന്നാലിവിടെ ആ ജനാധിപത്യ പ്രതീക്ഷകളാകെയാണ് തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

പ്രതിപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടുന്ന പ്രതിപക്ഷനേതാവ് തന്നെ സകുടുംബം ഗുരുതരമായ അഴിമതിയാക്ഷേപങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുന്ന ദയനീയമായ കാഴ്ച്ചയ്ക്കാണ് നാമിവിടെ സാക്ഷികളാവുന്നത്.

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജന്‍സികളുടെ അന്വേഷണവലയില്‍ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നൊരാളെ, തങ്ങളുടെ നേതൃപദവിയില്‍ നിന്ന് അടിയന്തിരമായി പുറത്താക്കി പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ധാര്‍മ്മിക വിശുദ്ധി വീണ്ടെടുക്കാന്‍ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ അന്തസ്സാണ് ഊതിക്കെടുത്തുന്നതെന്ന് പറയാതിരിക്കാനാവില്ല,’ കെ.കെ രമ കുറിച്ചു.

ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷട്രീയ താല്‍പ്പര്യാര്‍ത്ഥമുള്ള വേട്ടകള്‍ക്കായി കേന്ദ്ര ഭരണകക്ഷി സമീപവര്‍ഷങ്ങളില്‍ ദുരുപയോഗം ചെയ്തതിന്റെ നിരവധി അനുഭവങ്ങള്‍ തീര്‍ച്ചയായും മുന്നിലുണ്ട്. എന്നാല്‍ അത്തരമൊരു വാദത്തിന്റെ പരിചയും പരിരക്ഷയും ഇപ്പോള്‍ പിണറായി വിജയനും കുടുംബവും നേരിടുന്ന അഴിമതി ആരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മുന്നിലുയര്‍ത്താവുന്നതല്ലെന്ന് ഈ കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നു കഴിഞ്ഞ തെളിവുകള്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ വെളിവാക്കി കഴിഞ്ഞിട്ടുണ്ടെന്നും രമ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ പ്രതിപക്ഷ നേതൃപദവിയുടെ ധാര്‍മ്മിക വിശുദ്ധിയെന്നത് ഈ നാടിന്റെ ജനാധിപത്യ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണ്. അധികാരവും സ്വാധീനവും വഴി അവിഹിത വഴികളിലൂടെ കോടികള്‍ സമ്പാദിച്ചവരുടെ അഴിമതി വിഴുപ്പുഭാണ്ഡങ്ങള്‍ നിര്‍ലജ്ജം ചുമക്കാന്‍ പിണറായി വിജയനെന്ന ഏകാധിപതിയുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂലിക്കാരല്ല തങ്ങളെന്ന് പ്രഖ്യാപിക്കാന്‍ തന്റേടമുള്ളവരാരുമില്ലേ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിലെന്ന പ്രസക്തമായ ചോദ്യം അതു കൊണ്ടു തന്നെ കേരളീയ പൊതുമണ്ഡലത്തിന്റെ രാഷ്ട്രീയ ചോദ്യമായി ഇവിടെ മുഴങ്ങി നില്‍ക്കുക തന്നെ ചെയ്യുമെന്നും ആര്‍.എം.പി നേതാവ് പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദം ആര്‍ക്കെങ്കിലും വിട്ടുകൊടുക്കുമോ എന്നതല്ല, മറിച്ച് കേരളത്തിലെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് നിങ്ങള്‍ അഴിമതിക്കാരെ ഇറക്കിവിടുമോ എന്നത് തന്നെയാണ് തീര്‍ച്ചയായും ജനാധിപത്യ കേരളം ഉത്തരം തേടുന്ന ചോദ്യമെന്നും രമ അഭിപ്രായപ്പെട്ടു.

Content Highlight: KK Rema on Kerala Government’s stand on Pinarayi’s Plea in CMRL Case