കണ്ണൂർ: കാലിക്കറ്റ് സർവകലാശാലാ പഠന ബോർഡുകളിലേക്ക് (ബോർഡ് ഓഫ് സ്റ്റഡീസ്) സംഘപരിവാർ അധ്യാപകരെ കൂട്ടത്തോടെ തിരുകിക്കയറ്റിയതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ രൂക്ഷവിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്.

ജനങ്ങളുടെ നികുതിപ്പണത്തിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിക്ക് സ്വന്തം വകുപ്പിലെ സർവകലാശാലകളിൽ എന്തെങ്കിലും നിയന്ത്രണമുണ്ടോയെന്ന് സഞ്ജീവ് ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവകലാശാലകളുടെ ഭരണം ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഗവർണറുടെ ഓഫീസിലെ ഹരി എസ്. കർത്തയും ചേർന്നാണ് നിയന്ത്രിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ വക ഓഫീസും സംവിധാനങ്ങളും അനുഭവിക്കുന്ന മന്ത്രി റോജി എം. ജോണിന് എന്താണ് പണിയെന്ന് അദ്ദേഹം വ്യക്തമാക്കണം എന്ന് സഞ്ജീവ് ചോദിച്ചു.

സർവകലാശാലകൾ സ്വന്തം നിയന്ത്രണത്തിലാണെന്ന് മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിൽ, പഠന ബോർഡുകളിൽ ഇടംപിടിച്ച 32 സംഘപരിവാറുകാരുടെ പേരുകൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊതുസമൂഹത്തോട് മറുപടി പറയണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ നിന്ന് തയ്യാറാക്കിയ ലിസ്റ്റാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.

യു.ഡി.എഫ് നേതൃത്വം നൽകുന്ന സിൻഡിക്കേറ്റും സംഘപരിവാർ അനുകൂല വൈസ് ചാൻസലറും ചേർന്നുള്ള ഗൂഢാലോചനയാണ് ഈ നീക്കത്തിന് പിന്നിൽ. സവർക്കറെയും ആർ.എസ്.എസ് പാഠഭാഗങ്ങളെയും സർവകലാശാലാ സിലബസിൽ ഉൾപ്പെടുത്തി വരുംതലമുറയെ പഠിപ്പിക്കാനാണ് കോൺഗ്രസും മുസ്‌ലിം ലീഗും ഒത്താശ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പോലും മുന്നണിയിൽ ആലോചിക്കാതെയാണ് തീരുമാനങ്ങൾ നടക്കുന്നതെന്ന് തുറന്നുപറഞ്ഞ സാഹചര്യത്തിൽ, വിഷയത്തിൽ പ്രതികരിക്കാൻ കെ.എസ്.യുവിനും എം.എസ്.എഫിനും ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

‘കാലിക്കറ്റ് സർവ്വകലാശാല സി.എച്ചിന്റെ കലാലയം സി.എച്ചിന്റെ സർവ്വകലാശാല എന്ന് പറഞ്ഞ് വെറുതെ ബോർഡ് അടിച്ചു വെച്ചാൽ പോരാ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യത്തിന് പിന്തുണ പ്രഖ്യാപിക്കണം അതിന്റെ കൂടെ നിൽക്കണം അതിനെതിരെയുള്ള നിലപാടാണ് ഇപ്പോൾ സ്വീകരിച്ചത്’ സഞ്ജീവ് കൂട്ടിച്ചേർത്തു.

മരിച്ച വ്യക്തിയുടെ പേര് വരെ പട്ടികയിൽ ഇടംപിടിച്ചത് നിയമനങ്ങളിലെ വൻ വീഴ്ചയും അഴിമതിയും വ്യക്തമാക്കുന്നു.

അർഹതയും യോഗ്യതയും പരിശോധിക്കാതെ തട്ടിക്കൂട്ടിയ ഈ പട്ടികയ്ക്കെതിരെ നിയമനടപടികളുടെ സാധ്യതകൾ പരിശോധിക്കും. ഇതിന്റെ ഭാഗമായി അടുത്ത പ്രവൃത്തിദിനം കാലിക്കറ്റ് സർവകലാശാലയിലേക്ക് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ മാർച്ച് സംഘടിപ്പിക്കുമെന്നും സഞ്ജീവ് വ്യക്തമാക്കി.

Content Highlight:‘What is Roji M. John’s job?’; SFI launches sharp criticism against the Higher Education Minister.