തിരുവനന്തപുരം: അന്ധമായ രാഷ്ട്രീയ കൂറും നേതാക്കളോടുള്ള ആരാധനയും രാജ്യത്തിന്റെ പുരോഗതിക്ക് അപകടകരമാണെന്നും അത് രാജ്യത്തിന്റെ അടിത്തറയെപ്പോലും തകര്‍ത്തേക്കുമെന്നും ഗായകന്‍ ജോബ് കുര്യന്‍. രാഷ്ട്രീയ ചായ്‌വുകള്‍ക്കപ്പുറം ചിന്തിക്കാനും നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും ജനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും വേണമെന്നും ജോബ് കുര്യന്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടുമുള്ള അന്ധമായ ആരാധന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ജോബ് കുര്യന്‍, നേതാക്കള്‍ ജനങ്ങളെ ഭരിക്കാനല്ല, നയിക്കാനാണ് അധികാരത്തിലിരിക്കുന്നതെന്ന് ഓര്‍മിപ്പിച്ചു. കഠിനാധ്വാനം ചെയ്ത് നികുതി അടയ്ക്കുന്ന പൗരന്മാര്‍ക്കാണ് യഥാര്‍ഥ അധികാരം ഉണ്ടായിരിക്കേണ്ടത്. സര്‍ക്കാരുകള്‍ എപ്പോഴും ജനങ്ങളോട് ഉത്തരവാദിത്തപ്പെട്ടിരിക്കണമെന്നും അദ്ദേഹം കുറിച്ചു.

മതത്തെ രാഷ്ട്രവുമായി കൂട്ടിക്കലര്‍ത്തുന്നത് ഭിന്നിപ്പുണ്ടാക്കുന്ന സമീപനമാണെന്നും അത്തരം പ്രത്യയശാസ്ത്രങ്ങളെ തള്ളിക്കളഞ്ഞ് രാജ്യത്തെ പൗരന്മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ജോബ് കുര്യന്‍ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കപ്പെടുന്നതിനൊപ്പം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളും ഉറപ്പാക്കണം. ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നും ഓരോ വോട്ടും എണ്ണപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ജോബ് കുര്യന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കണം. ഒരു സര്‍ക്കാരിന്റെയും സ്വാധീനത്തിന് വഴങ്ങരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ന്നിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നടപടികളില്‍ ഗുരുതരമായ ആശങ്കയുണ്ടെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നാണ് തന്റെ നിലപാടെന്നും ജോബ് കുര്യന്‍ കുറിച്ചു. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമല്ലെന്നും പൗരന്മാരോടുള്ള ക്രൂരതയ്ക്ക് സര്‍ക്കാരിന് ന്യായീകരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷനെ ഉത്തരവാദിത്തപ്പെട്ടതാക്കാനും അതിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും ആവശ്യപ്പെടുന്നത് ജനാധിപത്യ രാജ്യത്തെ പൗരന്മാരുടെ ന്യായമായ അവകാശമാണ്. ആത്മവിശ്വാസവും പ്രതിബദ്ധതയുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മുന്നേറ്റത്തെ പിന്തുണയ്ക്കണം. പിന്തുണയ്ക്കാത്തവരുടെ ഉദ്ദേശ്യങ്ങള്‍ ചോദ്യം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്.ഐ.ആറിനെതിരായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവും ജോബ് കുര്യന്‍ പ്രഖ്യാപിച്ചു.

മതപരമായ വിദ്വേഷം പ്രചരിപ്പിക്കുക, മുന്‍കാല നേതാക്കളെ കുറ്റപ്പെടുത്തുക, സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുക, ഭാഷകള്‍ അടിച്ചേല്‍പ്പിക്കുക, ഭക്ഷണത്തിന് വിലക്കുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികള്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കില്ലെന്നും ജോബ് കുര്യന്‍ പറഞ്ഞു. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ സാധ്യതയുള്ള ഗാനത്തിന്റെ അധിക വരികള്‍ പാടാന്‍ പൗരന്മാരെ നിര്‍ബന്ധിക്കുന്നതടക്കമുള്ള നടപടികളെയും അദ്ദേഹം ചോദ്യം ചെയ്തു.

സാധാരണക്കാര്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ പരാജയപ്പെട്ട സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളാണ് ഇത്തരം നടപടികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സര്‍ക്കാരും മാറേണ്ടതുണ്ടെന്നും അതിനുള്ള സമയം വൈകിയെന്നും ജോബ് കുര്യന്‍ കുറിച്ചു.

സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച നേതാക്കളെയും അനുസ്മരിച്ച അദ്ദേഹം, സ്വാതന്ത്ര്യസമരത്തില്‍ സംഭാവന നല്‍കാത്ത സംഘടനകള്‍ക്ക് ഈ ത്യാഗങ്ങളുടെ മൂല്യം മനസ്സിലാകണമെന്നില്ലെന്നും പറഞ്ഞു.

അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പുകള്‍ക്ക് രാജ്യത്ത് ആവശ്യമായ മാറ്റം കൊണ്ടുവരാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ തിരുത്തപ്പെടണമെന്നും ജോബ് കുര്യന്‍ പറഞ്ഞു. ജനങ്ങളോട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം സ്വയം പരിശോധിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം, ഓരോ വ്യക്തിയുടെയും ചിന്തകളും പ്രവൃത്തികളും രാജ്യം എങ്ങനെയായിരിക്കണമെന്ന് നിര്‍ണയിക്കുന്നതില്‍ പ്രധാനമാണെന്നും ഓര്‍മിപ്പിച്ചു.

വെറുപ്പിനുപകരം സ്‌നേഹവും സമാധാനവും വിജയിക്കട്ടെയെന്നും അന്ധമായ രാഷ്ട്രീയ ആരാധന ഒഴിവാക്കണമെന്നും പറഞ്ഞുകൊണ്ടാണ് ജോബ് കുര്യന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlight: Blind Political Idolization Can Destroy the Nation’s Foundatiosn: Job Kurian Backs Jantar Mantar Protest