മുംബൈ ഇന്ത്യന്‍സിലെ വിദേശ താരങ്ങള്‍ പ്രൊഫെഷണല്‍ ആകണമെന്നും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്. കിറോണ്‍ പൊള്ളാര്‍ഡ് മുംബൈയുടെ സൂപ്പര്‍ സ്റ്റാറായിരുന്നുവെന്നും വിദേശ താരങ്ങളുടെ പ്രകടനമാണ് ടീമിന്റെ ഭാവി തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, രോഹിത് ശര്‍മ എന്നിവര്‍ ചേരുമ്പോള്‍ തന്നെ ടീം പൂര്‍ണമാണെന്നും ഇതിലേക്ക് രണ്ട് താരങ്ങളെ കൂടെ ചേര്‍ത്താല്‍ മുംബൈ ടൂര്‍ണമെന്റിലെ മികച്ച ടീമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു മുരളി വിജയ്.
മുരളി വിജയ്.
‘മുംബൈ ഇന്ത്യന്‍സിന്റെ വിദേശ താരങ്ങള്‍ കൂടുതല്‍ പ്രൊഫഷണലാവണം. ടീം അവര്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് പകരമായി അവര്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. ടീമിന്റെ സൂപ്പര്‍ സ്റ്റാറായിരുന്ന കിറോണ്‍ പൊള്ളാര്‍ഡിന്റെ പകരക്കാരന്‍ ആരാവും എന്നത് വലിയ ചോദ്യമാണ്. വിദേശ താരങ്ങളുടെ പ്രകടനം അനുസരിച്ചായിരിക്കും അവരുടെ ഭാവി.
മുംബൈയുടേത് ശക്തമായ ടീമാണ്. ലോകത്തിലെ ഏറ്റവും മികച്ച പേസറായ ബുംറയും ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയും അവര്‍ക്കുണ്ട്. കൂടാതെ സൂര്യകുമാര്‍ യാദവിനെപ്പോലൊരു മികച്ച നായകന്‍ ക്യാപ്റ്റന്‍സി ഇല്ലാതെ തന്നെ ടീമിനായി കളിക്കുന്നു.
ഇവരെക്കൂടാതെ മികച്ച മധ്യനിര താരമായ തിലക് വര്‍മയും മികച്ച ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയും എത്തുന്നതോടെ ടീം പൂര്‍ണമാകും. ഇതിലേക്ക് രണ്ട് മികച്ച കളിക്കാരെക്കൂടി ചേര്‍ത്താല്‍ ഐ.പി.എല്ലിലെ തന്നെ ഏറ്റവും മികച്ച ടീമായി മുംബൈ മാറും. ലേലത്തിലൂടെ വില്‍ ജാക്സിനെയും ഡി കോക്കിനെയും പോലുള്ളവരെ എത്തിച്ചത് ടീമിന്റെ കരുത്ത് കൂട്ടി. ഡി കോക്കിനെ കുറഞ്ഞ വിലയ്ക്ക് നേടിയെടുത്തത് മികച്ചൊരു നീക്കമാണ്,’ മുരളി വിജയ് പറഞ്ഞു.
ഐ.പി.എൽ കിരീടവുമായി മുംബൈ ഇന്ത്യൻസ്. Photo: Wikipedia
ഐ.പി.എല്ലില്‍ അഞ്ച് കിരീടം ഉയര്‍ത്തി ടൂര്‍ണമെന്റിലെ വിജയകരമായ ടീമുകളില്‍ ഒന്നെന്ന ഖ്യാതി നേടിയ മുംബൈയ്ക്ക് കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. 2020ലാണ് ടീം അവസാനമായി കപ്പുയര്‍ത്തിയത്. 2025ല്‍ പ്ലേഓഫില്‍ എത്തിയെങ്കിലും പഞ്ചാബിന് മുന്നില്‍ കാലിടറി മടങ്ങുകയായിരുന്നു. അതില്‍ തന്നെ ഈ സീസണില്‍ ആറാം കിരീടം ലക്ഷ്യമിട്ടാകും ടീം ഇത്തവണ ഇറങ്ങുക.
Content Highlight: Murali Vijay says that Mumbai Indians future depends on team’s overseas players performance in the IPL 2026