സ്ഥിരം പ്രണയ-മസാല ഫോർമുലകൾക്ക് പിന്നാലെ പോകാതെ, സമകാലിക പ്രസക്തിയുള്ള സാമൂഹിക വിഷയങ്ങൾ ധീരമായി ദൃശ്യവത്കരിച്ച് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് മുരളി ഗോപി. സിനിമയെ വെറുമൊരു വിനോദോപാധി എന്നതിനപ്പുറം പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു മാധ്യമമാക്കി മാറ്റുന്നതാണ് അദ്ദേഹത്തിന്റെ വേറിട്ട എഴുത്തുശൈലി.
ഒരു ഇടവേളയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അനന്തൻകാട്’. ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ തെന്നിന്ത്യൻ താരം ആര്യയാണ് നായകൻ. ഇന്ദ്രൻസ്, നിഖില വിമൽ എന്നിവർക്കൊപ്പം മുരളി ഗോപിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ‘അനന്തൻകാട്’ എന്ന പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ, മുൻകാലങ്ങളിൽ അവിടെ നടന്ന കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഈ സിനിമയുടെ പ്രമേയം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും രണ്ട് ഗ്ലിംസ് വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.
സമൂഹത്തിന്റെ, രാഷ്ട്രീയത്തിന്റെ, അധികാരത്തിന്റെ ഉൾസംഘർഷങ്ങളിലേക്കാണ് മുരളി ഗോപിയുടെ എഴുത്തുകൾ വിരൾ ചൂണ്ടുന്നത്. തന്റെ എഴുത്തിനെ കുറിച്ചും ഒരു എഴുത്തുകാരന്റെ എത്തിക്സിനെ കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കുകയാണ് മുരളി ഗോപി. ‘മനോരമ ഓൺലൈൻ’ ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ എഴുത്തുകളിലെ രാഷ്ട്രീയ സ്വഭാവങ്ങളെല്ലാം വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. എഴുത്തിലായാലും അഭിനയത്തിലായാലും മനഃപൂർവ്വം ഒന്നും ചെയ്യാൻ കഴിയില്ല. എന്നെ അത്രത്തോളം സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ വിഷയമല്ലെങ്കിൽ ഞാൻ പേനയെടുത്ത് എഴുതാറില്ല. അതുകൊണ്ട് തന്നെയാണ് ഇത്രയും നീണ്ട കരിയറിനിടയിൽ ഞാൻ വെറും 9 ചിത്രങ്ങൾ മാത്രം എഴുതിയത്; ‘അനന്തൻ കാട്’ എന്റെ 9 ആം തിരക്കഥയാണ്. എന്നെ അത്രമേൽ പ്രചോദിപ്പിക്കുന്ന വിഷയങ്ങൾ വരുമ്പോൾ മാത്രമാണ് ഞാൻ എഴുതാറുള്ളത്, ആ ഗ്യാപ്പ് വരുന്നത് അതുകൊണ്ടാണ്.
സിനിമ സംസാരിക്കുന്ന വിഷയങ്ങളെ ഭയന്നോ, അത് തിയേറ്ററുകളിൽ വിലക്കപ്പെടുമെന്ന് പേടിച്ചോ നമ്മളെ പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്ന ഒരുപാട് ശക്തികൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഒരു എഴുത്തുകാരൻ അത്തരം ഭയങ്ങൾക്ക് വഴിപ്പെട്ട് എഴുതിത്തുടങ്ങിയാൽ അത് അവന്റെയും അവന്റെ എഴുത്തിന്റെയും അന്ത്യമാണ്. ആരെയും ഭയന്ന് നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. വേണമെങ്കിൽ ഒന്നും ചെയ്യാതിരിക്കാം; പക്ഷേ ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം തരുന്ന രാജ്യമാണ് ഇന്ത്യ. ഭയമില്ലാതെ അത് ചെയ്തുകൊണ്ടിരിക്കുക എന്നത് മാത്രമാണ് വഴി. മനസ്സിന് ഉള്ളിൽ ഭയമുണ്ടായാൽ പിന്നെ അവിടെ ക്രിയേറ്റിവിറ്റിക്ക് സ്ഥാനമില്ല,’ മുരളി ഗോപി പറയുന്നു.
Content Haighlight: Murali Gopi talks about his script wtriting