
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 വരെ കനത്ത മഴയും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാവുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ശക്തമായാല്‍ കനത്ത മഴയും കാറ്റുമുണ്ടാകും. ചിലയിടങ്ങളില്‍ 12 മുതല്‍ 24 സെന്റീമീറ്റര്‍ വരെ പെയ്യാവുന്ന അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ബലമായിരുന്ന കാലവര്‍ഷം വ്യാഴാഴ്ച്ച മുതലാണ് വീണ്ടും സജീവമായത്. രാജ്യത്താകെ ഇതുവരെ ലഭിക്കേണ്ട മഴയില്‍ 22 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് കേരളത്തിലാകെ ഏഴ് ശതമാനം മഴ കിട്ടി.
ജൂണ്‍, സെപ്തംബര്‍ മാസങ്ങളിലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തില്‍ 1925 മില്ലീമീറ്റര്‍ മഴയാണ് ശരാശരി കിട്ടേണ്ടത്. ശരാശരിയേക്കാള്‍ 16 ശതമാനമെങ്കിലും മഴ കൂടുതല്‍ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞവര്‍ഷം 26 ശതമാനം മഴ കുറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ 16 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കൊല്ലം ജില്ലയിലാണ്, കുറവ് വയനാട്ടിലും.
