ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി. സുരക്ഷാ വിഷയങ്ങളും രാഷ്ട്രീയ വിഷയങ്ങളും കാരണം ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്‌സ് ബോര്‍ഡ് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുകയായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ ആവശ്യ പ്രകാരം മത്സരങ്ങള്‍ ഹൈബ്രിഡ് വേദികളില്‍ നടത്താമെന്ന റിപ്പോര്‍ട്ടുകള്‍ പാക് ക്രിക്കറ്റില്‍ നിന്നും പുറത്ത് വന്നിരുന്നു. മുന്‍ പാക് ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന്റെ കാര്യത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉയരുകയാണ്.

ഇപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹസിന്‍ നഖ്‌വി ഇന്ത്യയുടെ നിലപാടില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ഇന്ത്യ പാകിസ്ഥാനില്‍ വരില്ലെങ്കില്‍ പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലും പോകില്ലെന്ന് നഖ്‌വി വ്യക്തമാക്കി. മാത്രമല്ല സമത്വത്തത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ തീരുമാനമെന്നും നഖ്‌വി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഖ്‌വി പറഞ്ഞത്

‘പാകിസ്ഥാന് വേണ്ടി ഞാന്‍ നല്ലത് മാത്രമേ ചെയ്യൂ. ഞാന്‍ ഐ.സി.സി ചെയര്‍മാനുമായി ബന്ധപ്പെടുന്നുണ്ട്, എന്റെ ടീം ഉന്നതാധികാര സമിതിയിലെ ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നുണ്ട്. ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, അവര്‍ പാകിസ്ഥാനില്‍ വരില്ലെങ്കില്‍ ഞങ്ങള്‍ ഇന്ത്യയിലേക്കും പോകില്ല. സമത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഞങ്ങളുടെ തീരുമാനം. അടുത്തത് എന്തായിരിക്കും സംഭവിക്കുകയെന്ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കും,” മൊഹ്സിന്‍ നഖ്വി നവംബര്‍ 28 ന് പത്രസമ്മേളനത്തില്‍ പറഞ്ഞു.

അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് നേരത്തെ കൈമാറിയിരുന്നു.

2008 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടില്ലെങ്കിലും, മെന്‍ ഇന്‍ ഗ്രീന്‍ മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. 2012-13 സമയത്താണ് ഇരു ടീമുകളും മത്സരിച്ചത്.

2016ലെ ടി-20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. 2023 ലോകകപ്പില്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ തങ്ങളുടെ മത്സരങ്ങള്‍ കളിച്ചത്.

 

Content Highlight: Mohasin Naqvi Talking About Indian Cricket Ahead Of Champions Trophy