മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട അഭിനേതാവാണ് മോഹന്‍ലാല്‍. നാലുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച താരം ഇന്ന് മലയാള സിനിമയിലെ നായകന്മാരുടെ നായകനാണ്. ബോക്സ് ഓഫീസ് പവറിന്റെ കാര്യത്തിലാകട്ടെ മലയാളത്തില്‍ തന്നെ തനിക്ക് വട്ടം വെക്കാനാരുമില്ലെന്നും താരം തെളിയിച്ചിരുന്നു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഇപ്പോള്‍ നിറഞ്ഞിനില്‍ക്കുന്നത് താരമാണ്. വിദേശ രാജ്യങ്ങളിലെ ഷോകളിലും മറ്റുമുള്ള മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Photo: Book My Show

ഈ മാസമാദ്യം തിയേറ്ററുകളിലെത്തിയ ജൂഡ് ആന്തണി ജോസഫ് ചിത്രം തുടക്കത്തിലും വൈശാഖ് സംവിധാനം ചെയ്ത മാസ് ആക്ഷന്‍ ചിത്രം ഖലീഫയിലും സര്‍പ്രൈസ് എന്‍ട്രി നടത്തിയ താരം വലിയ കൈയടി നേടിയിരുന്നു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു തുടക്കം.

ഇപ്പോഴിതാ തിരുവോണ ദിനത്തോട് അനുബന്ധിച്ച് 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ഈ ഓണം തങ്ങള്‍ ആഘോഷിക്കുന്നില്ലെന്ന് താരം പറഞ്ഞു.

‘ഒരു സന്തോഷവും സങ്കടവുമുള്ള ഓണമാണ് ഇത്തവണ. ഇപ്രാവശ്യം ഞങ്ങള്‍ ഓണം ആഘോഷിക്കുന്നില്ല. കാരണം അമ്മ ഞങ്ങളെ വിട്ടുപോയ സമയമാണിപ്പോള്‍. ജീവിതം അങ്ങനെയാണല്ലോ. സങ്കടവും സന്തോഷവും മാറി മാറി വരും. ഇത്തവണ അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു സന്തോഷവും സങ്കടവുമില്ല. എങ്കിലും ഒരുപാട് വര്‍ഷത്തെ ആഗ്രഹത്തിനൊടുവില്‍ മായയുടെ ചിത്രം സാധ്യമായതില്‍ സന്തോഷമാണ്.

Photo: The Indian Express

സ്‌കൂളില്‍ പഠിക്കുമ്പോഴും മറ്റും നാടകങ്ങളില്‍ അഭിനയിക്കുകയും ബെസ്റ്റ് ആക്ടര്‍ ആവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ അത് സാധ്യമാക്കി നല്‍കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. തീര്‍ച്ചയായും ആന്റണി പെരുമ്പാവൂരിനോടും ജൂഡിനോടും അതിനുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. സുചിത്ര ചിത്രത്തിന്റെ പിറകില്‍ ഒരുപാട് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal talks about his mother’s demise