ഷക്കീറയോട് പോകാന്‍ പറ, ബ്രസീലിന്റെ സാംബാ താളവുമായി ലാലേട്ടന്‍ വീണ്ടും വന്നിട്ടുണ്ട്... പഴയ പാട്ട് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
Malayalam Cinema
ഷക്കീറയോട് പോകാന്‍ പറ, ബ്രസീലിന്റെ സാംബാ താളവുമായി ലാലേട്ടന്‍ വീണ്ടും വന്നിട്ടുണ്ട്... പഴയ പാട്ട് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Thursday, 11th June 2026, 2:07 pm

ലോകം മുഴുവന്‍ ഒരു കാല്പന്തിന് പിന്നാലെ പായാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. യു.എസ്.എ, മെക്‌സിക്കോ, കാനഡ എന്നിങ്ങനെ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് പല പ്രത്യേകതകളും നിറഞ്ഞതാണ്. മൈതാനത്ത് തീ പാറുന്നതിന് മുമ്പ് ആരാധകര്‍ തമ്മിലുള്ള വെല്ലുവിളികള്‍ അതിന്റെ പീക്ക് ലെവലിലെത്തിയിരിക്കുകയാണ്.

ഓരോ ലോകകപ്പിനും ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കാന്‍ ഫിഫ അവരുടെ ആന്തം പുറത്തുവിടാറുണ്ട്. 2010ലെ വക്കാ വക്കാ മുതലാണ് ഇത്തരം പാട്ടുകള്‍ ശ്രദ്ധ നേടിയത്. ഇപ്രാവശ്യത്തെ ലോകകപ്പിനും ഷക്കീറയുടെ വക ഗംഭീര ഗാനമുണ്ട്. എന്നാല്‍ ഇതിന് ചെക്ക് വെക്കാന്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ എത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് മോഹന്‍ലാല്‍ പാടിയ ഒരു ഫുട്‌ബോള്‍ ഗാനം ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഫുട്‌ബോള്‍ ലോകകപ്പിന് ആദരമര്‍പ്പിച്ച് കൊണ്ട് ഒരുക്കിയ പാട്ടിന് സംഗീതം നല്‍കിയ ഹെഷാം അബ്ദുള്‍ വഹാബാണ്. മികച്ച മേക്കിങ്ങെല്ലാം ഉണ്ടെങ്കിലും ഇടക്ക് വന്നുപോകുന്ന ചില വരികള്‍ അന്നേ ട്രോള്‍ മെറ്റീരിയലായി മാറിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു വേള്‍ഡ് കപ്പ് പടിവാതിലിലെത്തി നില്‍ക്കുമ്പോള്‍ വീണ്ടും ആ ഗാനം വൈറലായിരിക്കുകയാണ്. കഴിഞ്ഞ തവണ ട്രോള്‍ മെറ്റീരിയലായി മാറിയ അതേ വരികള്‍ തന്നെയാണ് ഇത്തവണയും ട്രോളിന് ഇരയായത്. ഓരോ ടീമിന്റെയും പ്രത്യേകത എടുത്തുപറയുന്ന വരികള്‍ പോരെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈയൊരു ഭാഗം ഇപ്പോള്‍ പല ട്രോള്‍ പേജിലും വൈറലായി മാറി.

‘ഷാക്കിറ ഈ വേള്‍ഡ് കപ്പിനായി ഒരുക്കിയ ‘ഡെയ് ഡെയ്’ എന്ന പാട്ടിന് പകരം മോഹന്‍ലാലിന്റെ ഈ പാട്ട് ഒഫിഷ്യല്‍ ആന്തമായി തെരഞ്ഞെടുക്കാന്‍ ഫിഫയോട് അഭ്യര്‍ത്ഥിക്കുന്നു’, ‘വേള്‍ഡ് കപ്പ് ആര് തൂക്കുമെന്നറിയില്ല, പക്ഷേ പാട്ട് ലാലേട്ടന്‍ തൂക്കി’ ‘ബ്രസീലിന്റെ സാമ്പാര്‍ താളം.. ആഹാ, എന്തൊരു പ്രാസം’ എന്നിങ്ങനെയാണ് പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍.

എന്നാല്‍ മോഹന്‍ലാലിന്റെ ഈ എഫര്‍ട്ടിനെ പരിഹസിക്കേണ്ട ആവശ്യമില്ലെന്ന് ചിലര്‍ മറുപടി നല്‍കുന്നുണ്ട്. 60 വയസ് കഴിഞ്ഞിട്ടും ഇതുപോലെ ഫുട്‌ബോള്‍ കളിക്കാന്‍ ശ്രമിക്കുന്നതും പാട്ടുപാടുന്നതുമെല്ലാം അംഗീകരിക്കേണ്ട കാര്യമാണെന്ന് പലരും മറുപടി നല്‍കുന്നുണ്ട്. മറ്റ് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാനാകില്ലെന്നും കമന്റുകളുണ്ട്.

Content Highlight: Mohanlal’s football song viral now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം