പേടിച്ചിരിക്കുകയാണെങ്കില്‍ ഒന്നും പറയാതിരിക്കാനേ പറ്റുള്ളൂ, മുഖമില്ലാത്തവരാണ്, അവര്‍ സന്തോഷിച്ചോട്ടെ; വിസ്മയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ മോഹന്‍ലാലും സുചിത്രയും
Malayalam Cinema
പേടിച്ചിരിക്കുകയാണെങ്കില്‍ ഒന്നും പറയാതിരിക്കാനേ പറ്റുള്ളൂ, മുഖമില്ലാത്തവരാണ്, അവര്‍ സന്തോഷിച്ചോട്ടെ; വിസ്മയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ മോഹന്‍ലാലും സുചിത്രയും
അശ്വിന്‍ രാജേന്ദ്രന്‍
Monday, 3rd August 2026, 8:27 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് മോഹന്‍ലാല്‍. ആഗസ്റ്റ് ഏഴിന് പുറത്തിറങ്ങാനിരിക്കുന്ന തുടക്കത്തിലൂടെ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. എന്നാല്‍ അടുത്തിടെ രാജ്യത്ത് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിസ്മയയുടെ പേര് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ചെത്തിയ വിസ്മയയെ പിന്തുണച്ചുകൊണ്ട് ഒട്ടനവധി പേരാണ് രംഗത്തെത്തിയത്.

Photo: Book My Show

എന്നാല്‍ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും താരത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. വരാനിരിക്കുന്ന ചിത്രം പരാജയപ്പെടുത്തുമെന്നും വിസ്മയക്കെതിരെ ഭീഷണിയും ഉയര്‍ന്നിരുന്നു. സ്വന്തം അഭിപ്രായം അറിയിച്ച വിസ്മയയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംവിധായകന്‍ മേജര്‍ രവിയും രംഗത്തെത്തിയിരുന്നു. അതേസമയം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് വിസ്മയ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അറിയിച്ചത്.

ഇപ്പോഴിതാ വിഷയത്തില്‍ മകളെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാലും പങ്കാളി സുചിത്ര മോഹന്‍ലാലും. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ഇവരുടെ പ്രതികരണം. സോഷ്യല്‍ മീഡിയയെ പേടിച്ച് ജീവിക്കുകയാണെങ്കില്‍ നമുക്ക് ഒന്നും പറയാതിരിക്കാനേ പറ്റുള്ളൂവെന്നും പറയുന്നവര്‍ പലരും മുഖമില്ലാത്തവരാണെന്നും മോഹന്‍ലാല്‍ പറയുന്നു. പണ്ടത്തെ കാലത്ത് നമ്മളെ പ്രാക്കുന്ന പോലെയാണ് ഇതെന്നും അത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആള്‍ക്കാരുണ്ടെന്നും അങ്ങനെയുള്ളവര്‍ സന്തോഷിച്ചോട്ടെ എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo: The Indian Express

‘ഞങ്ങള്‍ കുട്ടികളെ വളര്‍ത്തിയത് ചിന്തിക്കാനും സംസാരിക്കാനുള്ള അവകാശം പഠിപ്പിച്ചുകൊണ്ടാണ്. അങ്ങനെയാവുമ്പോള്‍ നീ ആലോചിച്ചാല്‍ മാത്രം മതി പറയേണ്ട എന്ന് പറയാന്‍ പറ്റില്ല. നിങ്ങള്‍ അവരെ ചിന്തിക്കാന്‍ പഠിപ്പിക്കുമ്പോള്‍ അവര്‍ അത് എക്‌സ്‌പ്രെസ് ചെയ്യാനും ശ്രമിക്കും. അവര്‍ അത്തരത്തില്‍ പറയുന്നത് അവരുടെ പോയിന്റ് ഓഫ് വ്യൂ ആണ്,’ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal and suchithra Mohanlal talks about cyber attck against Vismaya Mohanlal

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.