വീട്ടിലെ ഒരാള്‍ കഷ്ടപ്പെട്ടാല്‍ പോരെ, സിനിമയില്ലെങ്കിലും അപ്പു വേറെ പണികള്‍ ചെയ്യുന്നുണ്ട്, സിനിമ അതില്‍ ഒന്ന് മാത്രം: മോഹന്‍ലാല്‍
Malayalam Cinema
വീട്ടിലെ ഒരാള്‍ കഷ്ടപ്പെട്ടാല്‍ പോരെ, സിനിമയില്ലെങ്കിലും അപ്പു വേറെ പണികള്‍ ചെയ്യുന്നുണ്ട്, സിനിമ അതില്‍ ഒന്ന് മാത്രം: മോഹന്‍ലാല്‍
അമര്‍നാഥ് എം.
Sunday, 17th May 2026, 2:46 pm

മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള താരപുത്രന്മാരില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. ബാലതാരമായി സിനിമയിലേക്കെത്തിയ പ്രണവ് ചെറിയ പ്രായത്തില്‍ തന്നെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് വളരെ ശ്രദ്ധയോടെയാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്.

സിനിമക്ക് അപ്പുറം തന്റെ പാഷനായ യാത്രകള്‍ക്കും സംഗീതത്തിനുമാണ് പ്രണവ് പ്രാധാന്യം നല്‍കാറുള്ളത്. കഴിഞ്ഞവര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ ഡീയസ് ഈറേക്ക് ശേഷം താരത്തിന്റെ പ്രൊജക്ടുകളൊന്നും അനൗണ്‍സ് ചെയ്തിട്ടില്ല. ഓരോ സിനിമകളുടെ ഇടയിലും പ്രണവ് എടുക്കുന്ന ഗ്യാപ്പിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

മോഹന്‍ലാല്‍ Photo: Screen grab/ Twenty four News

പ്രണവിന്റെ പ്രായത്തില്‍ മോഹന്‍ലാല്‍ ഓടിനടന്ന് സിനിമകള്‍ ചെയ്യുകയായിരുന്നെന്നും പ്രണവ് എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല എന്നുമായിരുന്നു ചോദ്യം. തന്റെ സ്ഥിരം ശൈലിയില്‍ രസകരമായ മറുപടിയാണ് മോഹന്‍ലാല്‍ നല്‍കിയത്. വീട്ടില്‍ ഒരാള്‍ മാത്രം കഷ്ടപ്പെട്ടാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്.

‘ഞാന്‍ സിനിമകള്‍ ചെയ്യുന്നുണ്ടല്ലോ. അയാളും കൂടി കഷ്ടപ്പെടേണ്ടതില്ല. സിനിമ ചെയ്യുന്നില്ലെന്നേയുള്ളൂ. അയാള്‍ക്ക് അയാളുടേതായ ജോലികള്‍ വേറെയുമുണ്ട്. ഈയടുത്ത് ഞാന്‍ ചോദിച്ചപ്പോള്‍ ഡി.ജെയുടെ ഒരു കോഴ്‌സ് പഠിച്ച് അതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മ്യൂസിക് കണ്ടക്ട് ചെയ്യുന്നുണ്ട് അതുപോലെ യാത്രകള്‍ ചെയ്യുന്നുണ്ട്.

അപ്പുവിന് അയാളുടേതായ ലോകമുണ്ട്. അതിലൂടെ അയാളുടെ സന്തോഷം കണ്ടെത്തുകയാണ്. എന്റെ ലോകമെന്ന് പറയുന്നത് സിനിമയാണ്. ബാക്കി കാര്യങ്ങള്‍ അത് കഴിഞ്ഞേ ഉള്ളൂ. അയാള്‍ക്ക് നേരെ തിരിച്ചാണ്, ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ നല്ല സിനിമകള്‍ ചെയ്തിട്ട് പോകും. അത്രയേ ഉള്ളൂ വ്യത്യാസം,’ മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പിറന്നാള്‍ ദിനത്തില്‍ തിയേറ്ററുകളിലെത്തുന്ന ദൃശ്യം 3യാണ് ആദ്യത്തേത്. യാദൃശ്ചികമായാണ് പിറന്നാള്‍ ദിനവും സിനിമയുടെ റിലീസും ഒരുമിച്ച് വന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മകള്‍ വിസ്മയ ആദ്യമായി നായികയാകുന്ന തുടക്കമാണ് മറ്റൊന്ന്. നല്ല സിനിമയാണെന്നും പ്രേക്ഷകര്‍ വിസ്മയയെ സ്വീകരിക്കുമെന്ന് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Mohanlal about the film journey and lifestyle of Pranav Mohanlal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം