ഐ.പി.എല്‍ 2026ലെ 56ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗില്ലും സംഘവും 168 റണ്‍സ് നേടി.

അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും ഇന്നിങ്‌സുകളുടെ കരുത്തിലാണ് ടൈറ്റന്‍സ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.

സായ് 44 പന്തില്‍ 61 റണ്‍സടിച്ചപ്പോള്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉദയസൂര്യന്‍മാര്‍ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരിക്കുകയാണ്. ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡിനെ ടീമിന് നഷ്ടമായി.

ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ മുഹമ്മദ് സിറാജിന്റെ പന്തില്‍ നിഷാന്ത് സിന്ധുവിന്റെ കൈകളിലൊതുങ്ങിയായിരുന്നു മീശക്കാരന്റെ മടക്കം.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഗുജറാത്ത് സൂപ്പര്‍ പേസര്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഹെഡ്ഡിനെ പൂജ്യത്തിന് പുറത്താക്കുന്ന താരങ്ങളുടെ ലിസ്റ്റിലാണ് സിറാജ് തന്റെ പേരും എഴുതിച്ചേര്‍ത്തത്. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത് ബൗളറാണ് സിറാജ്. ഈ സീസണില്‍ ഇതാദ്യമായാണ് ഹെഡ് പൂജ്യത്തിന് പുറത്താകുന്നത് എന്നതും ശ്രദ്ധേയമാണ്.

ഐ.പി.എല്ലില്‍ ട്രാവിസ് ഹെഡിനെ പൂജ്യത്തിന് പുറത്താക്കിയ താരങ്ങള്‍

(വര്‍ഷം – താരം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ടീം)

2017 – ആന്‍ഡ്രൂ ടൈ (ഗുജറാത്ത് ലയണ്‍സ്)

2024 – അര്‍ഷ്ദീപ് സിങ് (പഞ്ചാബ് കിങ്‌സ്)

2024 – മിച്ചല്‍ സ്റ്റാര്‍ക് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

2024 – വൈഭവ് അറോറ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

2025 – ട്രെന്റ് ബോള്‍ട്ട് (മുംബൈ ഇന്ത്യന്‍സ്)

2026 – മുഹമ്മദ് സിറാജ് (ഗുജറാത്ത് ടൈറ്റന്‍സ്)*

മുഹമ്മദ് സിറാജ്. Photo: Gujarat Titans/x.com

 

ആദ്യ ഓവറില്‍ ഹെഡ്ഡിനെ നഷ്ടപ്പെട്ട സണ്‍റൈസേഴ്‌സിന് രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയെയും നഷ്ടപ്പെട്ടു. നാല് പന്ത് നേരിട്ട് ആറ് റണ്‍സുമായി നില്‍ക്കവെ കഗീസോ റബാദയ്ക്ക് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്.

നാലാം ഓവറിലെ ആദ്യ പന്തില്‍ ഇഷാന്‍ കിഷനെയും മടക്കിയ റബാദ പവര്‍പ്ലേയില്‍ തന്നെ സണ്‍റൈസേഴ്‌സിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 11 റണ്‍സാണ് ഇഷാന് കിഷന് നേടാനായത്.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 29 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. നാല് പന്തില്‍ അഞ്ച് റണ്‍സുമായി ഹെന്‌റിക് ക്ലാസനും അഞ്ച് പന്തില്‍ ഏഴ് റണ്‍സുമായി സ്മരണ്‍ രവിചന്ദ്രനുമാണ് ക്രീസില്‍.

 

Content Highlight: Mohammed Siraj enters the elite list of bowlers dismissing Travis Head for a duck in IPL