അവൻ പ്രതിസന്ധി ഘട്ടത്തില്‍ മുംബൈയുടെ രക്ഷകന്‍: കൈഫ്
Cricket
അവൻ പ്രതിസന്ധി ഘട്ടത്തില്‍ മുംബൈയുടെ രക്ഷകന്‍: കൈഫ്
ഫസീഹ പി.സി.
Wednesday, 25th March 2026, 3:51 pm

മുംബൈ ഇന്ത്യന്‍സ് യുവതാരം നമന്‍ ധിറിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം മുഹമ്മദ് കൈഫ്. കഴിഞ്ഞ സീസണില്‍ മുംബൈ പ്രതിസന്ധിയിലായപ്പോഴെല്ലാം താരം മികച്ച പ്രകടനം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും നമന്‍ തന്റെ കളി മെച്ചപ്പെടുത്തുകയാണെന്നും അതില്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്. Photo: Crictracker

‘നമന്‍ ധിറിനെ ആരും മറക്കരുത്. കഴിഞ്ഞ വര്‍ഷം അവന്‍ മികച്ച കാമിയോ നടത്തിയിരുന്നു. ടീമിനായി ചെറിയ ഇന്നിങ്‌സുകളിലൂടെ വലിയ സ്വാധീനം ചെലുത്താന്‍ അവന് കഴിഞ്ഞു. മുംബൈ പ്രതിസന്ധിയിലായപ്പോഴെല്ലാം അവന് മികച്ച ഇന്നിങ്സുകള്‍ പുറത്തെടുത്ത് ടീമിന്റെ രക്ഷകനായി.

ഓരോ വര്‍ഷവും നമന്‍ തന്റെ പ്രകടനം മെച്ചപ്പെടുത്തുകയാണ്. അത് പ്രശംസനീയമാണ്. മുംബൈ ഇന്ത്യന്‍സ് അവനില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഇപ്പോള്‍ മികച്ച ഫലം തിരിച്ചുലഭിച്ച് കൊണ്ടിരിക്കുകയാണ്,’ കൈഫ് പറഞ്ഞു.

ഐ.പി.എല്‍ 2025ല്‍ നമന്‍ ധിര്‍ 16 മത്സരങ്ങളിലാണ് കളത്തിലെത്തിയത്. അതിലെ 12 ഇന്നിങ്‌സില്‍ കളിച്ച് താരം 252 റണ്‍സ് എടുത്തിരുന്നു. 46 റണ്‍സായിരുന്നു താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

നമൻ ധിർ. Photo: Mumbai Indians

അതേസമയം, മാര്‍ച്ച് 28 മുതലാണ് ഐ.പി.എല്‍ 2026 സീസണ്‍ തുടക്കമാവുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍. സി. ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് സീസണിലെ ആദ്യ മത്സരം. ആര്‍. സി. ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

19ാം എഡിഷനിന്റെ രണ്ടാം ദിനം തന്നെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനെത്തുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. മാര്‍ച്ച് 29ലെ മത്സരത്തിന് വേദി മുംബൈ വാംഖഡെ സ്റ്റേഡിയമാണ്.

Content Highlight: Mohammed Kaif talks about Mumbai Indians’s Naman Dhir perfomance in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി