പരമ്പര മുഴുവനും അവനെ കളിപ്പിക്കാതിരുന്നത് എന്തുകൊണ്ട്; ഇന്ത്യക്കെതിരെ ചോദ്യശരങ്ങളുമായി മോയിന്‍ അലി
Sports News
പരമ്പര മുഴുവനും അവനെ കളിപ്പിക്കാതിരുന്നത് എന്തുകൊണ്ട്; ഇന്ത്യക്കെതിരെ ചോദ്യശരങ്ങളുമായി മോയിന്‍ അലി
ആദർശ് എം.കെ.
Tuesday, 21st July 2026, 10:31 pm

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ പരാജയത്തിന് പിന്നാലെ, ഇന്ത്യന്‍ മാനേജ്മെന്റിന്റെ ടീം സെലക്ഷനെ ചോദ്യം ചെയ്ത് മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. പരമ്പരയിലുടനീളം കുല്‍ദീപ് യാദവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതിലാണ് മൊയീന്‍ അലി അത്ഭുതം രേഖപ്പെടുത്തിയത്.

ബിയേര്‍ഡ് ബിഫോര്‍ വിക്കറ്റ് (Beard Before Wicket) എന്ന തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് മോയിന്‍ അലി ഇന്ത്യയുടെ ടീം സെലക്ഷനില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.

‘കുല്‍ദീപ് യാദവ് എന്തുകൊണ്ടാണ് കളിക്കാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് അവന്‍. ഇന്ത്യയെ സംബന്ധിച്ച് അവന്‍ അവരുടെ ആദില്‍ റഷീദിനെപ്പോലെയാണ്.

പാര്‍ട്ണര്‍ഷിപ്പുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള, എതിരാളികള്‍ക്ക് എളുപ്പത്തില്‍ കണക്കുകൂട്ടാന്‍ സാധിക്കാത്ത വിക്കറ്റ് ടേക്കറാണ് കുല്‍ദീപ്. അവന്‍ തീര്‍ച്ചയായും ടീമില്‍ കളിക്കേണ്ടതുണ്ട്.

എന്നാല്‍ ബാറ്റിങ് ലൈനപ്പ് വലുതാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത് എന്നതാണ് ഇവിടുത്തെ പ്രശ്‌നം. അവരുടെ ഭൂരിഭാഗം ബൗളര്‍മാര്‍ക്കും നന്നായി ബാറ്റ് ചെയ്യാന്‍ കഴിയില്ല, അതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി,’ മോയിന്‍ അലി പറഞ്ഞു.

കുല്‍ദീപ് യാദവ്

ബൗളിങ് നിരയില്‍ പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റിട്ടും 31കാരനായ കുല്‍ദീപിന് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിരുന്നില്ല. ലോര്‍ഡ്‌സില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ നാല് പേസര്‍മാരെയും ഒരൊറ്റ സ്പിന്നറായി അക്സര്‍ പട്ടേലിനെയുമാണ് ഇന്ത്യ കളിപ്പിച്ചത്.

ഒപ്പം, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ ശക്തി ഇല്ലാതാവുകയാണെന്നും, ഇന്ത്യയുടേത് തികച്ചും ഒരു ശരാശരി ബൗളിംഗ് നിരയാണെന്നും അദ്ദേഹം തുറന്നടിച്ചു.

‘ബുംറയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിങ് വളരെ സാധാരണമായി അനുഭവപ്പെടും. അനുയോജ്യമായ സാഹചര്യങ്ങള്‍ ലഭിച്ചാല്‍ മാത്രമാണ് അവര്‍ മികച്ച രീതിയില്‍ പന്തെറിയുന്നത്. എന്നാല്‍ പിച്ചുകള്‍ ബാറ്റിങ്ങിന് അനുകൂലമാണെങ്കില്‍, പന്തുമായി ഇന്ത്യ വലിയ രീതിയില്‍ പ്രയാസപ്പെടും.

ജസ്പ്രീത് ബുംറ

ലോര്‍ഡ്‌സിലെ സീരാസ് ഡിസൈഡര്‍ മത്സരത്തില്‍ ജസ്പ്രീത് ബുംറ കളിക്കാതിരുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായെന്നും മൊയീന്‍ അലി വിശ്വസിക്കുന്നു.

ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ബുംറയ്ക്ക് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ലോര്‍ഡ്‌സിലെ മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിക്കേണ്ടി വന്നത്. ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കടുത്ത പ്രയാസം നേരിട്ടപ്പോള്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 387 റണ്‍സ് അടിച്ചുകൂട്ടുകയും 27 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

‘അവസാന മത്സരത്തില്‍ ബുംറയുടെ അഭാവം ടീമിന് വലിയ നഷ്ടം തന്നെയായിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബുംറയ്ക്കെതിരെ റണ്‍സ് കണ്ടെത്തുക എളുപ്പമല്ല. അത് ടീമിലെ മറ്റ് ബൗളര്‍മാര്‍ക്കും വലിയ സഹായമാണ് നല്‍കുന്നത്. ബുംറ കളിക്കാതിരിക്കുന്നത് ഇംഗ്ലണ്ട് നിരയില്‍ നിന്ന് ആദില്‍ റഷീദിനെയും ജോഫ്ര ആര്‍ച്ചറെയും ഒരേസമയം മാറ്റിനിര്‍ത്തുന്നതിന് തുല്യമാണ്,’ മോയിന്‍ അലി കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Moeen Ali criticizes the decision not to play Kuldeep Yadav in the ODI series against England.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.