സില്‍ചര്‍ (അസം): രാജ്യത്ത് മോദി സര്‍ക്കാരിന് അനുകൂലമായ തരംഗം അലയടിക്കുന്നതായി മനസ്സിലാക്കാന്‍ കഴിയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടന്ന വ്യാഴാഴ്ച അസമിലെ സില്‍ചറില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് ദിശയിലേക്കാണു കാറ്റ് വീശുന്നതെന്നു ജനങ്ങളുടെ ആവേശത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

തേയിലത്തോട്ടങ്ങളുടെ നാടാണ് അസം. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്കു തോട്ടം തൊഴിലാളികളുടെ ദുരിതം മനസ്സിലാവില്ല. കൊളുന്ത് നുള്ളുമ്പോള്‍ കൈ മുറിയുന്നതിന്റെ വേദനയും രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന രോഗങ്ങളും അവര്‍ക്കു മനസ്സിലാകില്ല. തേയിലത്തോട്ടങ്ങളെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് അവഗണിക്കുകയാണ്.

വോട്ട് നേടുന്നതിനുവേണ്ടി കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചു. കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും നുഴഞ്ഞുകയറ്റപ്രശ്‌നം കോണ്‍ഗ്രസിനു പരിഹരിക്കാമായിരുന്നു. എന്നാല്‍ വോട്ടുകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.