മല്ലിക സാരാഭായ് നല്‍കിയ കേസ് അട്ടിമറിക്കാന്‍ മോദി 10 ലക്ഷം രൂപ അഭിഭാഷകര്‍ക്ക് നല്‍കി : ആര്‍.ബി ശ്രീകുമാര്‍
national news
മല്ലിക സാരാഭായ് നല്‍കിയ കേസ് അട്ടിമറിക്കാന്‍ മോദി 10 ലക്ഷം രൂപ അഭിഭാഷകര്‍ക്ക് നല്‍കി : ആര്‍.ബി ശ്രീകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th June 2022, 4:54 pm

ന്യൂദല്‍ഹി: മല്ലികാ സാരാബായ് സുപ്രീംകോടതിയില്‍ നല്‍കിയ കേസ് അട്ടിമറിക്കുന്നതിന് മോദി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ മല്ലികയുടെ അഭിഭാഷകര്‍ക്ക് നല്‍കിയെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍. ബി. ശ്രീകുമാര്‍.
പൊലീസ് കസ്റ്റഡിയിലാകുന്നതിന് മുന്‍പ് മാതൃഭൂമി ന്യൂസ് ലേഖകന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ആര്‍.ബി. ശ്രീകുമാറിന്റെ ‘GUJARAT : BEHIND THE CURTAINS’ എന്ന പുസ്തകത്തില്‍ അദ്ദേഹം ഇത് സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

‘മല്ലികാ സാരാബായ് സുപ്രീംകോടതിയില്‍ നല്‍കിയ കേസ് അട്ടിമറിക്കുന്നതിന് മോദി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ മല്ലികയുടെ അഭിഭാഷകര്‍ക്ക് നല്‍കിയിരുന്നു.

നാനാവതി കമീഷന് നല്‍കിയ എട്ടാമത്തെ സത്യവാങ്മൂലത്തില്‍ ഞാന്‍ ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 2002 ഏപ്രില്‍ പത്തിനാണ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മോദി എന്നെയും സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറൊയില്‍ ഡെപ്യൂട്ടി കമീഷണറായിരുന്ന സഞ്ജിവ് ഭട്ടിനെയും വിളിപ്പിച്ചത്.

സഞ്ജീവ് ഭട്ടാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. അന്ന് ഭട്ടും മോദിയും വളരെ നല്ല ബന്ധമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാന സര്‍ക്കാര്‍ പൊലിസ് വകുപ്പിന് നല്‍കുന്ന സീക്രറ്റ് സര്‍വ്വീസ് ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ഭട്ടിന് നല്‍കണമെന്ന് മോദി എന്നോട് ആവശ്യപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.

‘പൊലിസിന് ഈ തുക എങ്ങിനെയൊക്കെയാണ് ചെലവഴിക്കാനാവുക എന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. ഈ ഫണ്ടിന് ഓഡിറ്റിങ്ങില്ല. ഓരോ റാങ്കിലുമുള്ളവര്‍ക്ക് എത്ര തുക ചെലവാക്കാം എന്നതിനും പരിധിയുണ്ട്. ക്രമസമാധാന പരിപാലനം, രഹസ്യ വിവരങ്ങളുടെ ശേഖരണം, വി.ഐ.പി സെക്യൂരിറ്റി എന്നിവയ്ക്ക് ഈ ഫണ്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. ഈ ഫണ്ട് ആര്‍ക്കൊക്കെ നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശിക്കാനാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2002ല്‍ നടന്ന ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സഞ്ജീവ് ഭട്ടിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

‘ഞാനും ഭട്ടും ഒന്നിച്ചാണ് മുഖ്യമന്ത്രിയെ കാണാന്‍ പോയത്. ഭട്ടിന് മോദിയുമായി മാത്രമല്ല അമിത് ഷായുമായും അടുപ്പമുണ്ടായിരുന്നു. ഭട്ടിന്റെ ഭാര്യയും അമിത്ഷായും ബന്ധുക്കളാണ് ( ഇരുവരും ജൈന സമുദായക്കാരാണ്.) മോദി ആദ്യം ചോദിച്ചത് മല്ലിക സാരാബായ് സുപ്രീംകോടതിയില്‍ കൊടുത്ത കേസിന്റെ രേഖകള്‍ വായിച്ചിട്ടുണ്ടോ എന്നാണ്. ഒന്നോടിച്ച് വായിച്ചിട്ടേയുള്ളുവെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ മോദി പറഞ്ഞത് ഇതാണ് : ” സഞ്ജിവ് ഭട്ടിനെ ഒരു കാര്യം ഏല്‍പിച്ചിട്ടുണ്ട്. അതിനായി പത്ത് ലക്ഷം രൂപ ഭട്ടിന് കൊടുക്കണം.”.

വിലയ്‌ക്കെടുത്താണ് ആ കേസ് അട്ടിമറിച്ചത്. അന്ന് ഞങ്ങളുടെ കയ്യിലുള്ള ഫണ്ടില്‍ ഇത്രയും പണമുണ്ടായിരുന്നില്ല. ഡി.ജി.പി ചക്രവര്‍ത്തി പണം ഏര്‍പ്പാടാക്കും എന്നാണ് മോദി പറഞ്ഞത്. അതനുസരിച്ച് ഞാന്‍ ഡി.ജി.പിയെ കണ്ടു. അദ്ദേഹം അന്നു തന്നെ പത്ത് ലക്ഷം രൂപ എത്തിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാവായിരുന്ന വഖേരിയയാണ് ഈ കേസില്‍ മല്ലികയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകാനിരുന്നത്. അദ്ദേഹത്തിന് കൊടുക്കാനാണ് പണം എന്നാണ് ഭട്ട് പറഞ്ഞത്. സി.എം പറഞ്ഞതനുസരിച്ച് പൈസ തരികയാണെന്നും എന്നാല്‍ അന്യായമായി എന്തെങ്കിലും ചെയ്താല്‍ എനിക്ക് സപ്പോര്‍ട്ട് ചെയ്യാനാവില്ലെന്നും ഞാന്‍ പറഞ്ഞു.

സീക്രറ്റ് സര്‍വ്വീസ് ഫണ്ടിന്റെ രജിസ്റ്ററില്‍ ഭട്ടിന്റെ കൈയ്യില്‍ നിന്ന് കിട്ടിയ രശീതി ചേര്‍ത്തിട്ടാണ് പണം കൈമാറിയത്. കേസ് അട്ടിമറിക്കാന്‍ അഞ്ച് ദിവസമാണ് ഭട്ട് ചെലവഴിച്ചത്. വളരെ ദുര്‍ബ്ബലമായ വാദമാണ് സുപ്രീംകോടതിയില്‍ മല്ലികയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. അതോടെ മല്ലികയുടെ ആവശ്യം സുപ്രീംകോടതി തളളിക്കളഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  Modi paid Rs 10 lakh to sabotage Mallika Sarabhai case