ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്താന്‍ മിടുക്കരാണവര്‍, എന്നെ ഭീഷണിപ്പെടുത്തിയാണ് ആ പടത്തില്‍ നിന്നും പിന്‍വാങ്ങിപ്പിച്ചത്: മുകേഷിനും ഇന്നസെന്റിനുമെതിരെ ഷമ്മി തിലകന്‍
Movie Day
ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്താന്‍ മിടുക്കരാണവര്‍, എന്നെ ഭീഷണിപ്പെടുത്തിയാണ് ആ പടത്തില്‍ നിന്നും പിന്‍വാങ്ങിപ്പിച്ചത്: മുകേഷിനും ഇന്നസെന്റിനുമെതിരെ ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th June 2022, 4:26 pm

നടന്മാരായ ഇന്നസെന്റിനും മുകേഷിനുമെതിരെ ഗുരുതര വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്താന്‍ കഴിയുന്നവരാണ് ഇരുവരുമെന്നും തന്നേയും അത്തരത്തില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഷമ്മി തിലകന്‍ പറഞ്ഞത്. അമ്മ സംഘടനയില്‍ നിന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച വന്നതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അമ്മ സംഘടനയുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ ഒരു കേസുണ്ട്. അദ്ദേഹത്തെ വിലക്കിയതുമായി ബന്ധപ്പെട്ട്. അമ്മ സംഘടനയാണ് അതില്‍ ഒന്നാം കക്ഷി. ഇടവേള ബാബുവും ഇന്നസെന്റുമാണ് അതിലെ മറ്റു കക്ഷികള്‍. ദല്‍ഹിയിലെ കോമ്പറ്റീഷന്‍ കമ്മീഷനില്‍ കേസ് നടക്കുന്നു. ആ കേസില്‍ വിനയന്‍ വിജയിക്കുന്നു.

ആ കേസില്‍ ഒരു സാക്ഷിയായിട്ട് കമ്മീഷന്‍ എന്നേയും വിശദീകരിച്ചതാണ്. അന്ന് ഞാന്‍ ഒരു കാരണവശാലും അമ്മയെ തള്ളിപ്പറഞ്ഞിട്ടില്ല. അമ്മയ്ക്ക് അനുകൂലമായിട്ടാണ് ഞാന്‍ മൊഴി കൊടുത്തത്. ആ മൊഴി വായിച്ചുനോക്കിയാല്‍ അറിയാം. അമ്മ സംഘടനയേയോ അമ്മയുടെ പ്രസിഡന്റിനേയോ സെക്രട്ടറിയേയോ ഒരു വിധത്തിലും ദ്രോഹിക്കാത്ത രീതിയിലാണ് ഞാന്‍ മൊഴി കൊടുത്തത്.

അന്ന് അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റും മുകേഷും കൂടി ഇരുന്നിട്ടാണ് വിനയന്റെ പടത്തില്‍ നിന്നും പിന്മാറാന്‍ എന്നോട് ആവശ്യപ്പെടുന്നത്. ആ പടത്തില്‍ നീ അഭിനയിക്കരുത് അഡ്വാന്‍സ് തിരിച്ചുകൊടുക്കെടാ അല്ലെങ്കില്‍ ദോഷമാകും എന്ന് പറഞ്ഞാണ് എന്നെ ഭീഷണിപ്പെടുത്തിയത്. ശ്രീ മുകേഷ് ‘തമാശയായിട്ട്’ ആണ് പറയുന്നത്.

ഭീഷണി എന്ന് പറയുന്നത് കത്തിവെച്ച് കുത്തുന്നത് മാത്രമല്ലല്ലോ. തമാശയായിട്ട് ചിരിച്ചുകൊണ്ടും ഭീഷണിപ്പെടുത്താം. നല്ല ഹ്യൂമര്‍ സെന്‍സോട് കൂടി ഭീഷണിപ്പെടാം. അങ്ങനെ ഭീഷണിപ്പെടുത്തിയിട്ടാണ് ഞാന്‍ ആ പടത്തില്‍ നിന്നും പിന്മാറിയത്. എന്നെ സംബന്ധിച്ച് എന്തിനാണ് ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് തോന്നി.

ആ പടം പോയാല്‍ പോകട്ടെ. വഴക്കുണ്ടാക്കണ്ട എന്ന് കരുതി ഒഴിഞ്ഞ് നിന്നതാണ്. വിനയന്റെ ആ പടത്തില്‍ എനിക്ക് പകരം അഭിനയിച്ചത് നടി പ്രിയാരാമന്റെ ഭര്‍ത്താവായ രഞ്ജിത്താണ്. നല്ല വേഷമായിരുന്നു. അതില്‍ നല്ലൊരു പ്രതിഫലം പറഞ്ഞിരുന്നതാണ്. അഡ്വാന്‍സ് തന്നിരുന്നതാണ്. അത് തിരിച്ചുകൊടുപ്പിച്ചു.

അതുവരെ കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധിയിലുണ്ട്. എന്നെ സംബന്ധിച്ച് അവര്‍ എന്നെ വിലക്കി. എന്റെ ജോലി വിലക്കി. ഒരിക്കല്‍ സിദ്ദിഖും കെ.പി.എ.സി ലളിതയും കൂടി ഒരു പത്ര സമ്മേളനം നടത്തി. അതില്‍ എന്താണ് പറഞ്ഞത്. ആരെങ്കിലുമൊരാള്‍ ഞങ്ങള്‍ അവരുടെ പടം ഇല്ലാതാക്കി, അല്ലെങ്കില്‍ നിഷേധിച്ചു എന്ന് തെളിയിച്ചാല്‍ പറയുന്നത് ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ തെളിയിച്ചല്ലോ എന്താ പറയുന്നത് ചെയ്യാതിരുന്നത്. അന്ന് ഇവര്‍ക്ക് ഒന്നും മിണ്ടാനില്ല. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിയിരിക്കുകയാണ്, ഷമ്മി തിലകന്‍ പറഞ്ഞു.

Content Highlight: Actor Shammi Thilakan against actor Innocent and actor Mukesh