ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന സമൂഹമാധ്യമ ഉള്ളടക്കങ്ങള്‍ക്ക് തടയിടാന്‍ പുതിയ നീക്കങ്ങളുമായി മോദി സര്‍ക്കാര്‍. ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടാനുള്ള അധികാരം ഐ.ടി. മന്ത്രാലയത്തിന് പുറമെ ആഭ്യന്തരം, പ്രതിരോധം, വാര്‍ത്താവിതരണം എന്നീ മന്ത്രാലയങ്ങള്‍ക്ക് കൂടി നല്‍കാനാണ് നീക്കം.
വാട്‌സാപ്പ്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതികളില്‍ നിലവില്‍ ഐ.ടി മന്ത്രാലയത്തിന് മാത്രമാണ് നടപടിയെടുക്കാന്‍ അധികാരമുള്ളത്.
വ്യാജ എ.ഐ. ഉള്ളടക്കങ്ങള്‍ തടയാനാണ് ഈ ഭേദഗതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളെ വരുതിയിലാക്കുന്നതിന്റെ ഭാഗമായി 2021ലെ ഐ.ടി ചട്ടത്തില്‍ കേന്ദ്രം കഴിഞ്ഞ മാസം ഭേദഗതി കൊണ്ടുവന്നിരുന്നു. ഉള്ളടക്കങ്ങള്‍ നീക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ സമൂഹമാധ്യമങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഭേദഗതി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലടക്കം മോദി സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത നിരവധി അക്കൗണ്ടുകള്‍ സമൂഹമാധ്യമമായ ‘എക്‌സ്’ ഇന്നലെ മരവിപ്പിച്ചിരുന്നു.
ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനം, ഇറാനെതിരായ ഇസ്രഈല്‍ -യു.എസ് യുദ്ധം, ഇന്ത്യയിലെ പാചക വാതക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ വിമര്‍ശനാത്മക പോസ്റ്റുകളും ആക്ഷേപഹാസ്യ കാര്‍ട്ടൂണുകളും പങ്കുവെച്ച പത്തോളം അക്കൗണ്ടുകള്‍ക്കെതിരെയാണ് കാരണം വ്യക്തമാക്കാതെയുള്ള നടപടി. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതിന്റെ കാരണം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിരുന്നില്ല.
ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ സന്ദീപ് സിങ്ങിന്റെ അക്കൗണ്ടും കൂട്ടത്തിലുണ്ട്. മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇറാനെതിരെ നടന്ന ആക്രമണം, ഇന്ത്യക്ക് തൊട്ടടുത്ത് ഇറാന്‍ യുദ്ധക്കപ്പല്‍ ആക്രമണം എന്നിവയില്‍ പ്രധാനമന്ത്രി തുടരുന്ന മൗനത്തെ വിമര്‍ശിച്ച അക്കൗണ്ടുകളാണ് ഇന്നലെ മരവിപ്പിച്ചത്.