ആലപ്പുഴ: വനിതാ മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ വനിതാ മതില്‍ നടത്തുന്നതെന്ന ആരോപണം വിവരക്കേടാണ്. ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നതെന്നും വെള്ളാപ്പള്ളി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍.എസ്.എസ് തിരിച്ചറിയുന്നില്ല. എന്‍.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് ഇവരെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതിലിന്റെ പ്രസക്തി ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണെന്നും ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വനിതാ മതിലായിരിക്കും ഇന്ന് നടക്കാന്‍ പോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയിലെ പല അവകാശങ്ങളും പിന്നാക്കാരന് നഷ്ടമായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. അമ്പലങ്ങളെ ചിലര്‍ സ്വകാര്യ സ്വത്താക്കുകയാണ്. ഇടതുപക്ഷമാണ് പിന്നാക്കക്കാരനെ ശാന്തിക്കാരനായി നിയമിച്ചതെന്നും വെള്ളാപ്പള്ളി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.