പന്ത് കിട്ടാതെ 30 മിനിറ്റ് കളിച്ചു; ലോകകപ്പില്‍ പിറന്നത് വിചിത്ര റെക്കോഡ്
Football
പന്ത് കിട്ടാതെ 30 മിനിറ്റ് കളിച്ചു; ലോകകപ്പില്‍ പിറന്നത് വിചിത്ര റെക്കോഡ്
സുദേവ് എ
Tuesday, 16th June 2026, 1:30 pm

2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വമ്പന്മാരായ സ്‌പെയ്ന്‍ സമനിലയില്‍ കുടുങ്ങിയിരുന്നു. ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ദെയാണ് സ്പാനിഷ് പടയെ സമനിലയില്‍ തളച്ചത്. അറ്റലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോള്‍ പോലും നേടാതെ ഇരു ടീമുകളും പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

മത്സരത്തില്‍ ഗോള്‍ നേടാന്‍ കഷ്ടപ്പെട്ട സ്പെയിനിന്റെ സ്‌ട്രൈക്കര്‍ മികേല്‍ ഒയര്‍സബാലിനെ തേടിയെത്തിയത് ഒരു വിചിത്ര റെക്കോഡാണ്. മത്സരം തുടങ്ങി 30 മിനിറ്റിനിടെ ഒരു തവണ പോലും പന്ത് കാല്‍കൊണ്ട് തൊടാന്‍ സാധിച്ചില്ലെന്ന തിരിച്ചടിയുടെ റെക്കോഡാണ് താരം സൃഷ്ടിച്ചത്.

തുടക്കം മുതലേ ടീമിന്റെ മുന്നേറ്റ നിരയില്‍ കളിച്ച താരം 31ാം മിനിറ്റിലാണ് ആദ്യമായി പന്ത് ടച്ച് ചെയ്തത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ആദ്യ 30 മിനിറ്റുകളില്‍ ബോള്‍ തൊടാന്‍ സാധിക്കാത്ത ആദ്യ താരവും ഒയര്‍സബാലാണ്. 1966ന് ശേഷമാണ് ഇത്തരത്തിലൊരു റെക്കോഡ് ലോകകപ്പുകളില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത്.

മത്സരത്തില്‍ 74 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ സ്പാനിഷ് ടീമിന് സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാന്‍ സാധിച്ചില്ല. 22 ഷോട്ടുകളാണ് എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ എട്ട് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. എന്നാല്‍ വെര്‍ദെയുടെ ഗോള്‍ പോസ്റ്റില്‍ വോസിന്‍ഹയുടെ തകര്‍പ്പന്‍ സേവുകള്‍ സ്പെയ്നിന്റെ ആക്രമണമങ്ങളെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ലാമിന്‍ യമാല്‍ കളത്തിലിറങ്ങിയിട്ടും സ്പാനിഷ് ടീമിന് ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ താരം തുടക്കത്തില്‍ തന്നെ അറ്റാക്കിങ് മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും കേപ് വെര്‍ദെയുടെ ഡിഫന്‍സ് താരത്തെ തടഞ്ഞു.

കൂടുതല്‍ അവസരങ്ങള്‍ രണ്ടാം പകുതിയില്‍ സ്‌പെയ്‌നിന് ഉണ്ടായെങ്കിലും ഗോള്‍ നേടാന്‍ ടീമിന് സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കേപ് വെര്‍ദെ എന്ന ഒരു കുഞ്ഞന്‍ രാജ്യം സ്‌പെയ്‌നെതിരെ സമനില സ്വന്തമാക്കുകയായിരുന്നു.

ലോകകപ്പില്‍ ആദ്യമായാണ് കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെ പന്തുതട്ടുന്നത്. ആദ്യ മത്സരത്തില്‍ തന്നെ മുന്‍ ചാമ്പ്യന്മാരായ സ്പാനിഷ് ടീമിനെ സമനിലയില്‍ കുരുക്കി വരവറിയിച്ച കേപ് വെര്‍ദെ വരും മത്സരങ്ങളിലും ഞെട്ടിക്കുമെന്നുറപ്പാണ്.

 

Content Highlight: Mikel Oyarzabal create a unwanted record in FIFA world cup history

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.