അവര്‍ ലോകത്തിലെ ഏറ്റവും മികച്ച ടി-20 ടീമാണ്, ഫൈനലില്‍ അവരുണ്ടാകും; പിന്തുണയുമായി മൈക്കല്‍ ക്ലാര്‍ക്ക്
Cricket
അവര്‍ ലോകത്തിലെ ഏറ്റവും മികച്ച ടി-20 ടീമാണ്, ഫൈനലില്‍ അവരുണ്ടാകും; പിന്തുണയുമായി മൈക്കല്‍ ക്ലാര്‍ക്ക്
ശ്രീരാഗ് പാറക്കല്‍
Wednesday, 25th February 2026, 10:45 am

ടി-20 ലോകകപ്പ് 2026 സൂപ്പര്‍ 8ലെ നിര്‍ണായക മത്സരത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് പിന്തുണയുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ മൈക്കല്‍ ക്ലാര്‍ക്ക്. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് തോല്‍വി വഴങ്ങിയത് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയെന്ന് ക്ലാര്‍ക്ക് പറഞ്ഞു. എന്നിരുന്നാലും ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ടി-20 ടീമാണെന്നും അതിനാല്‍, അവര്‍ ഫൈനലിലെത്തുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഇന്ത്യന്‍ ടീം Photo: BCCI

മാത്രമല്ല സിംബാബ്‌വേക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയാലും യഥാര്‍ത്ഥ മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിന്‍ഡീസ് മികച്ച ടീമാണെന്നും ഈ മത്സരമാണ് സെമിയില്‍ യോഗ്യത നേടുന്നവരെ നിര്‍ണയിക്കുന്നതില്‍ പ്രധാനമെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.

‘ഇന്ത്യയെ സ്വന്തം മണ്ണില്‍ പരാജയപ്പെടുത്താന്‍ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചത് വലിയ കാര്യമാണ്! അതിനാല്‍ ഇന്ത്യന്‍ ടീമിന് മേലാണ് ഇപ്പോള്‍ സമ്മര്‍ദം, അത് കാണാന്‍ രസകരമായിരിക്കും. എന്റെ അഭിപ്രായത്തില്‍, അവര്‍ ഇപ്പോഴും മികച്ച ടീമാണ്, ലോകത്തിലെ ഏറ്റവും മികച്ച ടി-20 ടീം. ഇത് അവര്‍ക്ക് വളരെ പരിചിതമായ സാഹചര്യമാണ്. അതിനാല്‍, അവര്‍ ഫൈനലിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യ സിംബാബ്‌വേയെ പരാജയപ്പെടുത്തുമെന്ന് നിങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കും, സിംബാബ്‌വേയോട് അനാദരവ് കാണിക്കുന്നില്ല, അവര്‍ സൂപ്പര്‍ 8ല്‍ ഇടം നേടിയ ടീമാണ്. പക്ഷേ ഇന്ത്യ അവര്‍ക്കെതിരെ എളുപ്പത്തില്‍ വിജയം നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരിക്കും യഥാര്‍ത്ഥ ബ്ലോക്ക്ബസ്റ്റര്‍.

അവര്‍ പൂര്‍ണ ആത്മവിശ്വാസത്തോടെ അവരുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്നു. അവര്‍ക്ക് ഒരു മികച്ച ടീമുണ്ട്, അവര്‍ അവരുടെ കഴിവുകളില്‍ വിശ്വസിക്കുന്നു. ആ ഗ്രൂപ്പില്‍ നിന്ന് രണ്ടാം ടീം യോഗ്യത നേടുന്നതിനുള്ള നിര്‍ണായക മത്സരമാകും അത്,’ മൈക്കല്‍ ക്ലാര്‍ക്ക് ബിയോണ്ട്23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ പറഞ്ഞു.

ഗ്രൂപ്പ് 1ല്‍ ഇന്ത്യയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ വമ്പന്‍ മാര്‍ജിനിലുള്ള വിജയം അനിവാര്യമാണ്. മാത്രമല്ല ഇന്ത്യയ്ക്ക് സെമിയില്‍ പ്രവേശിക്കണമെങ്കില്‍ സൗത്ത് ആഫ്രിക്ക അടുത്ത രണ്ട് മത്സരങ്ങളില്‍ വിജയിക്കുകയും വിന്‍ഡീസ് പരാജയപ്പെടുകയും വേണം. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ വലിയ കുടുക്കിലാണ് നിലവില്‍. ഫെബ്രുവരി 26ന് സിംബാബ്‌വേയോടും മാര്‍ച്ച് ഒന്നിന് വെസ്റ്റ് ഇന്‍ഡീസിനോടുമാണ് ഇന്ത്യയ്ക്കുള്ള മത്സരങ്ങള്‍.

Content Highlight: Michael Clarke Talking About Indian Team

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ