മാള്‍ഡ: അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് കേരളത്തില്‍ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാളിലും അര്‍ജന്റീന ആരാധകന്റെ ആത്മഹത്യ.

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്തായതിനു പിന്നാലെയാണ് മാള്‍ഡ ജില്ലയിലെ ഹബിബ്പൂര്‍ സ്വദേശിയായ മോണോതോഷ് ഹാല്‍ദാറാണ് (20) ആത്മഹത്യ ചെയ്തത്.

അര്‍ജന്റീനയുടെ തോല്‍വിക്കു പിന്നാലെ ഹാല്‍ദര്‍ ഭക്ഷണം പോലും കഴിക്കാതെ മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ എത്ര വിളിച്ചിട്ടും ഹാല്‍ദര്‍ മുറി തുറന്നുമില്ല. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ ഹാല്‍ദറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


Read Also : മെക്‌സിക്കോയ്‌ക്കെതിരെ മാര്‍സലോ കളിക്കില്ല; നെഞ്ചിടിപ്പോടെ ബ്രസീല്‍    


ശനിയാഴ്ച നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്.

തന്റെ മകന് യാതൊരു അസുഖവുമില്ലായിരുന്നുവെന്നും എന്നാല്‍ അര്‍ജന്റീനയുടെ പരാജയത്തിനു ശേഷം അവന്‍ വളരെ നിരാശനായി കാണപ്പെട്ടിരുന്നുവെന്നും ഹാല്‍ദറിന്റെ അച്ഛന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മാള്‍ഡ പോലീസ് അറിയിച്ചു.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യയോട് അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതിനു പിന്നാലെ കോട്ടയത്തെ ദിനു അലക്‌സ് എന്ന ആരാധകനും കായലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം കാണാതായ ദിനുവിന്റെ മൃതദേഹം രണ്ടുദിവസത്തിനു ശേഷം മീനച്ചിലാറ്റിലാണ് കണ്ടെത്തിയത്.