വാമൊഴി ചരിത്രത്തിന്റെ സ്വാധീനം നഷ്ടമാകുന്നു; കേരളത്തിലെ പോരാട്ടങ്ങള്‍ ഓര്‍മിപ്പിക്കാന്‍ മെമ്മറിപീഡിയ
Kerala
വാമൊഴി ചരിത്രത്തിന്റെ സ്വാധീനം നഷ്ടമാകുന്നു; കേരളത്തിലെ പോരാട്ടങ്ങള്‍ ഓര്‍മിപ്പിക്കാന്‍ മെമ്മറിപീഡിയ
അനിത സി
Saturday, 7th February 2026, 7:26 pm

കൊച്ചി: രാഷ്ട്ര രൂപീകരണത്തില്‍ നിന്നും നയരൂപീകരണത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന വാമൊഴി ചരിത്രം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്ന മെമ്മറിപീഡിയയ്ക്ക് തുടക്കം.

സാമൂഹിക അനീതിക്കും അവകാശലംഘനങ്ങള്‍ക്കുമെതിരെ നടന്ന പോരാട്ടങ്ങളുടെ ചരിത്രരേഖ സൂക്ഷിച്ചുവെയ്ക്കുന്ന ആര്‍ക്കൈവായിരിക്കും മെമ്മറിപീഡിയ.

ഭാവിയിലെ ചരിത്രകാരന്മാര്‍ക്കും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഇത് ഉപയോഗപ്പെടുത്താനുമാവും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് കെ. ജോസാണ് മെമ്മറിപീഡിയയുടെ സൃഷ്ടാവ്.

മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ച് വ്യാഴാഴ്ച തൃശൂരില്‍ നടന്നു. നാടന്‍ നെല്‍വിത്ത് സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്‍, ഗോത്രവര്‍ഗ നാടന്‍പാട്ട് കലാകാരി ലീല അമ്മാമ്മ, പാലക്കാട് വട്ടുവലക്കി ഊരിലെ ചെറിയ മൂപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് മെമ്മറിപീഡിയയുടെ ലോഞ്ച് നിര്‍വഹിച്ചത്.

മെമ്മറിപീഡിയ ലോഞ്ച്

ആര്‍ക്കൈവിന്റെ ലോഞ്ചില്‍ ഓര്‍മകളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകനും ബംഗളൂരു നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി മുന്‍വൈസ് ചാന്‍സലറുമായ അഡ്വ. മോഹന്‍ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.

ലോകം സൃഷ്ടിച്ചിരിക്കുന്നത് ഓര്‍മകള്‍ കൊണ്ടാണെന്ന പ്രശസ്ത കവി മുരിയേല്‍ റുക്കെയ്‌സെറിന്റെ ‘ദ് സ്പീഡ് ഓഫ് ഡാര്‍ക്ക്‌നെസ്’ കവിതയില്‍ നിന്നുള്ള വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഓര്‍മകളുടെയും കഥകളുടെയും പ്രാധാന്യത്തെ കുറിച്ച് അഡ്വ. മോഹന്‍ ഗോപാല്‍ പറഞ്ഞു.

‘ഓര്‍മകളില്‍ നിന്നാണ് കഥകളും വിവരണങ്ങളുമുണ്ടാകുന്നത്. വളരെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. നമ്മള്‍ മനസിലാക്കുന്ന ലോകം നിര്‍മിച്ചിരിക്കുന്നത് ആറ്റങ്ങള്‍കൊണ്ടും മോളിക്യൂള്‍സുംകൊണ്ടുമല്ല, കഥകള്‍ കൊണ്ടാണ്. കഥകള്‍ വരുന്നത് ഓര്‍മകളില്‍ നിന്നാണ്. എല്ലാവര്‍ക്കും ഓര്‍മകളുണ്ട്. നിയമ-നയ നിര്‍മാണത്തിലും രാഷ്ട്ര രൂപീകരണത്തിലും പങ്കുവഹിക്കുന്നത് ഈ ഓര്‍മകളാണ്.

അംഗീകരിക്കപ്പെടുന്ന ഓര്‍മകളില്‍ നിന്നാണ് അധികാരം ഉണ്ടായത്. ഇത് സുപ്രധാനമായ സ്ട്രഗിളാണ്’, അദ്ദേഹം പറഞ്ഞു.

വാമൊഴി ചരിത്രത്തിന് രാഷ്ട്ര രൂപീകരണത്തിലും നയരൂപീകരണത്തിലും വലിയ സ്വാധീനമില്ലാതായി പോവുകയാണ്. എഴുതപ്പെട്ട ചരിത്രത്തിനെ മാത്രം ഉപയോഗപ്പെടുത്തിയാണ് രാഷ്ട്രങ്ങളും അതിന്റെ അടിത്തറയായ അധികാരവും ഉണ്ടാവുന്നതെന്നും അഡ്വ. മോഹന്‍ ഗോപാല്‍ പറഞ്ഞു.

കേരളത്തില്‍ നടന്നിട്ടുള്ള- മുത്തങ്ങ ഭൂസമരം, ഫെമിനിസ്റ്റ് പ്രസ്ഥാനം, പ്ലാച്ചിമടയിലെ കൊക്ക-കോള വിരുദ്ധ സമരം, ശാസ്ത്ര സാഹിത്യ പരിഷത്ത്, സൈലന്റ് വാലി മൂവ്‌മെന്റ്, ഫിലിം സൊസൈറ്റി പ്രസ്ഥാനം തുടങ്ങിയ പതിനഞ്ചോളം സാമൂഹിക മുന്നേറ്റങ്ങളെ കുറിച്ച് മെമ്മറിപീഡിയയില്‍ പറയുന്നു,

നൂറിലധികം അഭിമുഖങ്ങളില്‍ നിന്നായി 400-ലധികം എപ്പിസോഡുകളിലായാണ് ഈ ചരിത്രം ക്രമീകരിച്ചിരിക്കുന്നത്.

Content Highlight: Memoripedia, which records and preserves oral history, has been launched.

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍