മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ബാല താരമായി എത്തിയ അഭിനേതാവാണ് മാത്യു തോമസ്. തുടർന്ന് തണ്ണീർ മത്തൻ ദിനങ്ങൾ, ഓപ്പറേഷൻ ജാവ, നെയ്മർ, പ്രേമലു, ജോ ആൻഡ് ജോ, ലിയോ തുടങ്ങിയ നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അഭിനയ ജീവിതത്തതിൽ ആദ്യ പൊലീസ് വേഷം ചെയ്യാൻ ഒരുങ്ങുകയാണ് മാത്യു.

യുവ സംവിധായകനായ സഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലൂടെയാണ് തന്റെ കരിയറിലെ ആദ്യ പൊലീസ് കഥാപാത്രത്തെ നടൻ അവതരിപ്പിക്കുന്നത്. സിനിമയിൽ ശ്രീനാഥ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മാത്യു തോമസ് എത്തുന്നത്.

മാത്യു തോമസ്. Photo. Screen Grab/ Youtube

സിനിമയുടെ ഭാഗമായതിന് പിന്നാലെ നടി പാർവതി തിരുവോത്തിൽ നിന്ന് അഭിനയത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്ന് നടൻ മാത്യു തോമസ്. കഥാപാത്രത്തെ എങ്ങനെ തയ്യാറാക്കാം എന്നതടക്കമുള്ള കാര്യങ്ങൾ പാർവതിയോട് ചോദിച്ചറിയാറുണ്ടായിരുന്നുവെന്നും, നെസ്‌ലിൻ ആയാലും സംഗീതമായി ആയാലും നല്ല ക്ലോസാണെന്നും മാത്യു പറയുന്നു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഒരു കാര്യം ഒന്നുമല്ല, കുറെ കാര്യങ്ങൾ ഞാൻ പാർവതി ചേച്ചിയിൽ നിന്ന് പഠിച്ചിട്ടുണ്ട്. ഞാൻ പാർവതി ചേച്ചിയോട് ചോദിക്കാറുണ്ട് എന്തൊക്കെയാണ് ചെയ്യാറ്, ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ എന്താണ് പ്രിപ്പയർ ചെയ്യാറുള്ളത് എന്നൊക്കെ. ചേച്ചി പറഞ്ഞുതരും, എന്തൊക്കെയാണ് എങ്ങനെ കാര്യങ്ങൾ ചെയ്യാം എന്നുള്ളത്,’മാത്യു പറഞ്ഞു.

‘ഞങ്ങൾ തമ്മിലുള്ള ഒരു കാറിലെ സീനുണ്ട്. മഴ പെയ്യുമ്പോഴുള്ള ജീപ്പിന്റെ ഉള്ളിലുള്ള സീൻ. അപ്പോൾ മഴയായതുകൊണ്ട് ഞങ്ങൾ മുഴുവൻ ജീപ്പിന്റെ ഉള്ളിലായിരുന്നു. ഞാൻ കുറെ കാര്യങ്ങൾ ചോദിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സാധനം വന്നാൽ എങ്ങനെയായിരിക്കും ചേച്ചി ചെയ്യാറുള്ളത്, എങ്ങനെയാണ് പ്രിപ്പയർ ചെയ്യുന്നത് എന്നൊക്കെ. കാരണം ഭയങ്കര ഭംഗിയാണല്ലോ ചേച്ചിയുടെ അഭിനയം കാണാൻ,’ മാത്യു പറഞ്ഞു.

മാത്യു തോമസ്. Photo. Screen Grab/ Youtube

പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള യാത്ര എങ്ങനെയാണ് നടി കൈകാര്യം ചെയ്തതെന്ന് ശ്രദ്ധിച്ചുകൊണ്ടാണ് താൻ സിനിമ കണ്ടതെന്നും മാത്യു പറയുന്നു. കഥാപാത്രത്തിന്റെ ആർക്ക് ഇത്ര കൃത്യമായി കൊണ്ടുപോകാൻ കഴിഞ്ഞത് തനിക്ക് ഏറെ കൗതുകമായിരുന്നുവെന്നും താരം വ്യക്തമാക്കി.

‘ഈ പടം കാണുമ്പോഴും ഞാൻ ആലോചിക്കുമായിരുന്നു, ഇതെങ്ങനെയാണ് തുടക്കം മുതൽ അവസാനം വരെ ആ ക്യാരക്ടറിന്റെ ആർക്ക് ചേച്ചി കൊണ്ടുപോയേക്കുന്നത്, അല്ലെങ്കിൽ എങ്ങനെയാണ് ക്യാരി ചെയ്തേക്കുന്നത് എന്ന്. അതൊക്കെ ഭയങ്കര രസമായിട്ടാണ് ചേച്ചി ചെയ്തിരിക്കുന്നത്. അപ്പോൾ കുറെ അധികം ടിപ്സുകൾ ചേച്ചിയിൽ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്,’നടൻ പറഞ്ഞു.

അഭിനയത്തിനപ്പുറം സിനിമയിലെ ഉയർച്ചകളും താഴ്ചകളും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും പാർവതി തനിക്ക് പറഞ്ഞുതന്നിട്ടുണ്ടെന്നും മാത്യു കൂട്ടിച്ചേർത്തു. സിനിമയിൽ രണ്ട് പതിറ്റാണ്ടിനടുത്തുള്ള അനുഭവസമ്പത്തുള്ള ഒരാളിൽ നിന്ന് അത്തരം കാര്യങ്ങൾ കേൾക്കുന്നത് ഏറെ സഹായകമായിരുന്നുവെന്നും താരം പറയുന്നു.

‘ചേച്ചി ഇപ്പോൾ 20 വർഷമായില്ലേ ഇൻഡസ്ട്രിയിൽ. അപ്പോൾ ഒരു അപ്പും ഡൗണും ഒക്കെ വരുമ്പോൾ എങ്ങനെയാണ് അത് ഹാൻഡിൽ ചെയ്യുക എന്നുള്ളതൊക്കെ എനിക്ക് പറഞ്ഞുതന്നത് ഭയങ്കര ഹെൽപ്‌ഫുൾ ആയിരുന്നു,’താരം കൂട്ടിച്ചേർത്തു.

നസ്‌ലെൻ,മാത്യു തോമസ്. Photo. Screen Grab/ Youtube

അതേസമയം, സിനിമയിലെ മറ്റ് സഹതാരങ്ങളുമായും തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്ന് മാത്യു പറഞ്ഞു. നെസ്‌ലനും സംഗീത പ്രതാപും അടക്കമുള്ളവരുടെ പിന്തുണയും സിനിമയുടെ റിലീസിന് മുമ്പ് ലഭിച്ചിരുന്നുവെന്നും മാത്യു വ്യക്തമാക്കി.

‘നസ്‌ലെൻ ആയാലും സംഗീതേട്ടൻ ആയാലും എല്ലാവരുമായും ഭയങ്കര കണക്ഷനുണ്ട്. ഭയങ്കര ക്ലോസാണ്. ഞാൻ ഭയങ്കര ഹാപ്പിയാണ് എന്ന് പറഞ്ഞിട്ട് നസ്‌ലെൻ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു. ആള് പടം കണ്ടിട്ടില്ല. ഇപ്പോൾ മധു ചേട്ടന്റെ പുതിയ പടത്തിന്റെ ഷൂട്ടിലാണ്. സംഗീതേട്ടനാണെങ്കിലും പടം ഇറങ്ങുന്നതിന്റെ തലേദിവസം മെസ്സേജ് ചെയ്യും. പേടിക്കേണ്ട, എല്ലാം ശരിയായിട്ട് വരും എന്നൊക്കെ പറയും. ഓക്കെയാകും എല്ലാം ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു. അപ്പോ നമുക്ക് വേണ്ടി കുറേ പേരുള്ളത് ഭയങ്കര അടിപൊളിയാണ്,’ മാത്യു പറഞ്ഞു.

Content Highlight: Mathew Thomas opens up about  ‘Pradham Drishtya Kuttakkar’  and his bond with Naslen