ബുംറയെ ഇങ്ങനെ ഉപയോഗിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നത് ഇവരുടെ സാന്നിധ്യം: മാര്‍ക്ക് ബച്ചര്‍
Cricket
ബുംറയെ ഇങ്ങനെ ഉപയോഗിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നത് ഇവരുടെ സാന്നിധ്യം: മാര്‍ക്ക് ബച്ചര്‍
ഫസീഹ പി.സി.
Wednesday, 11th March 2026, 10:37 pm

2026 ടി – 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ബൗളിങ് യൂണിറ്റിനെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് ബച്ചര്‍. ഇന്ത്യന്‍ ടീമിന് മികച്ച ബൗളിങ് ലൈന്‍അപ്പുണ്ടെന്നും ജസ്പ്രീത് ബുംറയെ നിര്‍ണായക സമയത്ത് ഉപയോഗിക്കാന്‍ ടീമിന് ശക്തി നല്‍കുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂബോളില്‍ പന്തിനെ സ്വിങ് ചെയ്യിപ്പിക്കാനുള്ള അര്‍ഷ്ദീപ് സിങ്ങിന്റെ കഴിവും ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് മികവും ഇന്ത്യയ്ക്ക് കൂടുതല്‍ ഓപ്ഷന്‍ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റിക് ടു ക്രിക്കറ്റില്‍ സംസാരിക്കുകയായിരുന്നു ബച്ചര്‍.

മാര്‍ക്ക് ബച്ചര്‍. Photo: Rayham/x.com

‘ജസ്പ്രീത് ബുംറയെ നിര്‍ണായക സമയങ്ങളില്‍ ഉപയോഗിക്കാന്‍ ഇന്ത്യയെ പ്രാപതമാക്കുന്നത് ടീമിലെ മറ്റ് ബൗളര്‍മാരുടെ പിന്തുണയാണ്. ഇത് ബൗളിങ് യൂണിറ്റിന്റെ പ്രധാനത്തെ ചൂണ്ടികാണിക്കുന്നു. ന്യൂബോളില്‍ അര്‍ഷ്ദീപ് സിങ്ങിന് ഇരുവശത്തേക്കും സ്വിങ് ചെയ്യാന്‍ കഴിവുണ്ട്.

ഒപ്പം ഹര്‍ദിക് പാണ്ഡ്യയും ലോകകപ്പില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അവന് ബൗളിങ്ങില്‍ മികവുണ്ട്. ഇത് നിര്‍ണായക സമയങ്ങളില്‍ ബുംറയെ ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് ഒരുപാട് ഓപ്ഷനുകള്‍ നല്‍കുന്നു,’ ബച്ചര്‍ പറഞ്ഞു.

ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും ഹർദിക് പാണ്ഡ്യയും. Photo: BCCI/x.com

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് കിരീടം സ്വന്തമാക്കിയിരുന്നു. വിജയത്തില്‍ ഇന്ത്യയുടെ ബൗളിങ് യൂണിറ്റും മികച്ച സംഭാവന നല്‍കിയിരുന്നു. ഫൈനലില്‍ നാല് വിക്കറ്റ് വീഴ്ത്തി ബുംറ നിര്‍ണായക പ്രകടനമാണ് കാഴ്ചവെച്ചത്. ബുംറ ഫൈനലിലെ താരമാകുകയും ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു. 14 വിക്കറ്റുകളാണ് ബുംറ ലോകകപ്പില്‍ വീഴ്ത്തിയത്.

സെമി ഫൈനലിലും ഫൈനലിലും ഇന്ത്യക്കായി വളരെ നിര്‍ണായക ഘട്ടത്തിലായിരുന്നു ബുംറ പന്തെറിയാന്‍ എത്തിയത്. ഇംഗ്ലണ്ടിനെതിരെ പവര്‍പ്ലേയില്‍ ഒരു ഓവര്‍ മാത്രമാണ് താരത്തിനെ കൊണ്ട് എറിയിച്ചത്. ബാക്കി മൂന്ന് ഓവറുകള്‍ പത്ത് ഓവേറിന് ശേഷമായിരുന്നു. താരത്തിന്റെ അവസാന രണ്ട് ഓവറുകളാണ് ഇന്ത്യയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത്.

Content Highlight: Mark Butcher says that Arshdeep Singh and Hardik Pandya’s presence enabling India to use Jasprit Bumrah in crucial moments

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി