മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് പ്രഖ്യാപിച്ചത്.

2020 മാര്‍ച്ച് 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്. 100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

നെടുമുടി വേണു, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.