പാലക്കാട്: അഗളിമലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നു വെളിപ്പെടുത്തല്‍. ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആദിവാസികളെ ദൂതന്മാരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അഗളി മുന്‍ എ.എസ്.പിയാണു ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു വെളിപ്പെടുത്തി.
ആക്ഷന്‍ കൗണ്‍സിലിലെ ചിലരും ആദിവാസി വിഭാഗത്തില്‍പ്പെട്ട പൊലീസുകാരും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായും വിവരമുണ്ട്. മാസങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാവോയിസ്റ്റ് വേട്ടയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തെ ന്യായീകരിച്ച് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും പിണറായി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.
നടന്നത് നാടകീയ സംഭവങ്ങളാണെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ശൂന്യവേളയായിരുന്നു മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വ്യാജ ഏറ്റുമുട്ടലാണെന്ന ആക്ഷേപം ഉണ്ടെന്ന് ലീഗ് എം.എല്‍.എ ഷംസുദ്ദീന്‍ പറഞ്ഞു.
കാണുന്ന മാത്രയില്‍ വെടിവെച്ച് കൊല്ലുന്നതാണോ ഇടതുനയമെന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരു വശത്ത് മാത്രമേ പരിക്കുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
