സ്വവര്‍ഗാനുരാഗവും , LGBTQ + പ്രേമേയവും ഇന്നും തമിഴ് പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടാണ് എന്നതിന്റെ തെളിവാണ്, തമിഴിലെ യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ സിനിമ ഡൊറോത്തിക്ക് കിട്ടുന്ന പ്രതികരണങ്ങള്‍. തമിഴ് ജനതയുടെ സംസ്‌കാരത്തെ അപമാനിക്കുന്നു എന്ന രീതിയിലാണ് പ്രചാരണങ്ങള്‍. സിനിമയെ ബഹിഷ്‌കരിക്കാന്‍ ഉള്‍പ്പടെ ആഹ്വാനങ്ങള്‍ പല ഭാഗത്ത് നിന്നും ഉണ്ടായി .

തന്റെ പുതിയ സിനിമ ആയ ഡൊറോത്തിയുടെ ഭാഗമായി ദി ക്യൂവിനു നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക് സുബ്ബരാജ് പറയുന്നത്, തന്റെ പല സിനിമകളും നന്മയും തിന്മയും നിറഞ്ഞ ഗ്രേ ഷെയ്ഡ് കഥാപാത്രങ്ങളുടെ ഒരു ലോകമാണ് എന്നാണ്.

‘എന്റെ പല സിനിമകളും നന്മയും തിന്മയും നിറഞ്ഞ ഗ്രേ ഷെയ്ഡ് കഥാപാത്രങ്ങളുടെ ഒരു ലോകമാണ്. പേട്ട , മഹാന്‍, പിസ്സ , ജിഗര്‍ത്തണ്ട തുടങ്ങിയ സിനിമകളില്‍ എന്റെ കഥാപാത്രങ്ങള്‍ നന്മയും തിന്മയും നിറഞ്ഞ ഗ്രേ ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളായിരുന്നു. നല്ലതോ ചീത്തതോ അല്ലാത്ത മനുഷ്യസഹജമായ ഇരുണ്ട വശങ്ങള്‍ ഉള്ളവരാണ് അവര്‍’ , അദ്ദേഹം പറയുന്നു.

കാര്‍ത്തിക് സുബ്ബരാജിന്റെ എല്ലാ സിനിമകളും, മറ്റ് തമിഴ് സിനിമകളുടെ ശൈലിയില്‍ നിന്നും മേക്കിങ്ങില്‍ നിന്നും അവതരണത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.

തമിഴ് പ്രേക്ഷകര്‍ കണ്ടു ശീലിച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തത ഉള്ള കഥാപാത്രങ്ങള്‍ ആണ് കാര്‍ത്തിക് തന്റെ സിനിമകളില്‍ അവതരിപ്പിക്കുന്നത്. അവരെപ്പോഴും ശക്തമായ കഥാപാത്രങ്ങളായിരിക്കും. ഒട്ടുമിക്ക കഥാപാത്രങ്ങളും പല ലയറുകളുള്ളവരാണ്.

ജിഗര്‍ത്തണ്ടയിലെ ബോബി സിംഹ അവതരിപ്പിച്ച സേതു എന്ന കഥാപാത്രം , രജനികാന്തിന്റെ പേട്ടയിലെ കാളി , വിക്രമിന്റെ മഹാനിലെ ഗാന്ധി മഹാരാന്‍, വിജയ് സേതുപതിയുടെ പിസ്സയിലെ മൈക്കിള്‍ എന്നിവരൊക്കെ ഗ്രേ ഷെയ്ഡ് ഉള്ള അതേസമയം ശക്തമായ സ്വഭാവസവിശേഷതകള്‍ ഉള്ളവരാണ്.

ഡൊറോത്തിയിലും ഈ സവിശേഷത ഉള്ളതിനാലാണ് കീര്‍ത്തി സുരേഷിനെപ്പോലെ പോപ്പുലര്‍ ആയ നടിയെ സമീപിച്ചത് എന്നും അഭിമുഖത്തില്‍ കാര്‍ത്തിക് പറഞ്ഞു. കഥാപാത്രം ശക്തമായ സ്വഭാവമുള്ളൊരാളാണെന്നും, അതിനാല്‍ അഭിനയസാധ്യത ഉള്ള നടിയെ ആയിരുന്നു വേണ്ടതെന്നും കാര്‍ത്തിക് പറയുന്നുണ്ട്.

ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (TIFF) മികച്ച പ്രതികരണം ലഭിച്ച ഈ സിനിമക്ക് , തിയേറ്ററില്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അതേസമയം മലയാളം ഉള്‍പ്പടെ മറ്റ് സിനിമ ഇന്‍ഡസ്ട്രികളില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ആണ് സിനിമയ്ക്ക് ലഭിച്ചത്.

‘തമിഴ് പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന്റെ ചിന്താഗതിയിലുള്ള പ്രശ്‌നം കൊണ്ടാണ്, തമിഴ് ഇന്‍ഡസ്ട്രിയില്‍നിന്ന് ‘ഡൊറോത്തി’ പോലെയുള്ള സിനിമകള്‍ കൂടുതലായി ഉണ്ടാകാത്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഡൊറോത്തിക്ക് മലേഷ്യയില്‍ പ്രദര്‍ശനാനുമതി കിട്ടിയിരുന്നില്ല, എന്നാല്‍ ദുബായ് പോലുള്ള രാജ്യങ്ങളില്‍ , കടുത്ത നിയന്ത്രണം ഉണ്ടായിട്ടും പ്രദര്‍ശനാനുമതി ലഭിച്ചു.

Content Highlight: Many of my films explore a world of grey-shaded characters filled with good and evil: Karthik Subbaraj