അവനാണ് യഥാര്‍ത്ഥ 360 ഡിഗ്രി കളിക്കാരന്‍; പ്രശംസയുമായി മനോജ് തിവാരി
Cricket
അവനാണ് യഥാര്‍ത്ഥ 360 ഡിഗ്രി കളിക്കാരന്‍; പ്രശംസയുമായി മനോജ് തിവാരി
ശ്രീരാഗ് പാറക്കല്‍
Sunday, 8th February 2026, 9:11 am

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാകര്‍ യാദവിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. സൂര്യയുടെ ഷോട്ടുകളുടെ റേഞ്ച് നോക്കുമ്പോള്‍ എ.ബി ഡിവില്ലിയേഴ്സിനെയും 360 ഡിഗ്രി കളിക്കാരനാണെന്ന് പറയുന്നു, എന്നാല്‍ സൂര്യയാണ് യഥാര്‍ത്ഥ 360 ഡിഗ്രി കളിക്കാരനെന്ന് തിവാരി പറഞ്ഞു. ഡിവില്ലിയേഴ്‌സ് തേര്‍ഡ് മാനില്‍ ഒരു സിക്സ് അടിക്കുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും എന്നാല്‍ സൂര്യ അത് തെളിയിച്ചെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

‘സൂര്യയുടെ ഷോട്ടുകളുടെ റേഞ്ച് നോക്കുമ്പോള്‍, എ.ബി ഡിവില്ലിയേഴ്സ് 360 ഡിഗ്രി കളിക്കാരനാണെന്ന് പറയുന്നു, പക്ഷേ സൂര്യയാണ് യഥാര്‍ത്ഥ 360 ഡിഗ്രി കളിക്കാരന്‍. എ.ബി ഡിവില്ലിയേഴ്‌സ് തേര്‍ഡ് മാനില്‍ ഒരു സിക്സ് അടിക്കുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല, പക്ഷേ ഐ.പി.എല്ലില്‍ സൂര്യ ആ ഷോട്ട് നേടിയിട്ടുണ്ട്. ആ ഷോട്ട് കളിക്കാന്‍ തനിക്ക് മാത്രമേ കഴിയൂ എന്ന് സൂര്യ തെളിയിച്ചു. പിച്ചില്‍ ഷോട്ട് സെലക്ഷന്‍ എളുപ്പമായിരുന്നില്ല, പക്ഷേ അത് എത്രത്തോളം എളുപ്പമാണെന്ന് സൂര്യ കാണിച്ചു,’ മനോജ് തിവാരി ക്രിക്ബസില്‍ പറഞ്ഞു.

2026 ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. ലോകകപ്പ് എഡിഷനില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ കന്നി വിജയമായിരുന്നു ഇത്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ യു.എസ്.എയ്‌ക്കെതിരായ മത്സരത്തില്‍ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്.

സൂര്യയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 49 പന്ത് നേരിട്ട താരം പുറത്താകാതെ 84 റണ്‍സാണ് സ്വന്തമാക്കിയത്. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മാത്രമല്ല 171.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. മത്സരത്തിലെ താരവും സൂര്യയായിരുന്നു.

അതേസമയം ലോകകപ്പില്‍ ഇനി ഇന്ത്യയുടെ മത്സരം ഫെബ്രുവരി 12നാഓണ്. ദല്‍ഹിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളി. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് തങ്ങളുടെ വിന്നിങ് സ്ട്രീക്ക് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Manoj Tiwary Talking About Ab de Villiers And Suryakumar Yadav

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ