ചെല്‍സിയുടെ ഹൃദയം തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി; കിരീടത്തിനൊപ്പം പുതു ചരിത്രമെഴുതി ഗ്വാര്‍ഡിയോള
Football
ചെല്‍സിയുടെ ഹൃദയം തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി; കിരീടത്തിനൊപ്പം പുതു ചരിത്രമെഴുതി ഗ്വാര്‍ഡിയോള
Sudev A
Sunday, 17th May 2026, 9:30 am

2025-26 എഫ്. എ കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചെല്‍സിയെ കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാരായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എട്ടാം എഫ്.എ കപ്പ് കിരീട നേട്ടമാണിത്.

മറ്റൊരു കിരീടം കൂടി ഇത്തിഹാദിന്റെ മണ്ണില്‍ എത്തിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഒരു ഇതിഹാസ തുല്യവുമായ നേട്ടവും കൈവരിച്ചിരിക്കുകയാണ്. ഒറ്റ സീസണില്‍ തന്നെ എഫ്.എ കപ്പ്, ഇ.എഫ്.എല്‍ കപ്പ് തുടങ്ങിയ ഡൊമസ്റ്റിക് കിരീടങ്ങള്‍ രണ്ട് തവണ നേടുന്ന ആദ്യ പരിശീലകനായാണ് ഗ്വാര്‍ഡിയോള മാറിയത്.

ഈ സീസണില്‍ ആഴ്സനലിനെ വീഴ്ത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇ.എഫ്.എല്‍ കിരീടം സ്വന്തമാക്കിയിരുന്നത്. ഗണ്ണേഴ്‌സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ഇതിന് മുമ്പ് 2018-19 സീസണിലായിരുന്നു ഗ്വാര്‍ഡിയോളയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒറ്റ സീസണില്‍ എഫ്.എ കപ്പ്, ഇ.എഫ്.എല്‍ കപ്പ് സ്വന്തമാക്കിയിരുന്നത്.

മത്സരത്തില്‍ 4-2-3-1 എന്ന ശൈലിയിലാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ച മത്സരത്തിലെ ഏക ഗോള്‍ പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 71ാം മിനിറ്റില്‍ അന്റോയിന്‍ സെമന്യോയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഏര്‍ലിങ് ഹാലണ്ട് സിറ്റിക്കായി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍കീപ്പര്‍ റോബര്‍ട്ട് സാഞ്ചസിന്റെ മിന്നും സേവുകള്‍ ചെല്‍സിയെ രക്ഷിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ വീണതോടെ സമനിലക്കായി സിറ്റി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ചെല്‍സി പ്രതിരോധം ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സിറ്റി ചാമ്പ്യന്മാരാവുകയായിരുന്നു.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 36 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 23 വിജയവും എട്ട് സമനിലയും അഞ്ച് തോല്‍വിയുമായി 77 പോയിന്റാണ് സിറ്റിയുടെ കൈവശമുള്ളത്.

ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് 79 പോയിന്റുമാണുള്ളത്. ആഴ്‌സണലിന്റെ വരാനിരിക്കുന്ന മത്സരങ്ങളിലെ ഫലങ്ങള്‍ സിറ്റിക്ക് അനുകൂലമായാല്‍ ഇത്തവണ ലീഗ് കിരീടം നേടാനുള്ള സാധ്യതയും ഗ്വാര്‍ഡിയോളക്കും കൂട്ടര്‍ക്കുമുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മെയ് 20ന് ബേണ്‍മൗത്തിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. ബേണ്‍മൗത്തിന്റെ തട്ടകമായ വൈറ്റാലിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Manchester city beat Chelsea won fa cup and pep Guardiola create a new history

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.