ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പൊലീസുകാരന്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചു കൊന്ന കേസില്‍ പ്രധാന പ്രതിയെ അറസ്റ്റു ചെയ്തതായി യു.പി പൊലീസ്. പ്രശാന്ത് നട്ടാണ് അറസ്റ്റിലായത്.

ബുലന്ദ്ശഹര്‍ – നോയിഡ അതിര്‍ത്തിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാള്‍ അറസ്റ്റിലായത്. സുബോധ് കുമാറിനെ വെടിവെച്ചത് താനാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി യു.പി പൊലീസ് പറഞ്ഞു.

” സുബോധ് കുമാറിനെ അദ്ദേഹമാണ് വെടിവെച്ചതെന്ന് പ്രശാന്ത് നട്ട് സമ്മതിച്ചിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വസ്തുതകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.” ബുലന്ദ്ശഹറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രഭാകര്‍ ചൗധരി പറഞ്ഞു.

പ്രശാന്ത് നട്ടിനെക്കൂടാതെ സുബോധിന്റെ സര്‍വ്വീസ് റിവോള്‍വര്‍ തട്ടിപ്പറിച്ച ആളെന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് ഫറയുന്നത്. ജോണിയെന്നയാളാണ് ഫോണ്‍ തട്ടിപ്പറിച്ചതെന്നാണ് സംശയിക്കുന്നത്. ഇയാളും ബുലന്ദ്ശഹര്‍ നിവാസിയാണെന്നാണ് പൊലീസ് പറയുന്നത്.

Also read:ഐ.എസ് ബന്ധമാരോപിച്ചുള്ള റെയ്ഡ് എന്‍.ഐ.എയുടെ നാടകമോ?നാടന്‍തോക്കും ദീപാവലി പടക്കങ്ങളും ഉപയോഗിച്ചാണോ ഐ.എസ് ഇന്ത്യയെ തകര്‍ക്കുന്നതെന്ന് സോഷ്യല്‍മീഡിയ

സുബോധ് കുമാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പ്രശാന്ത് നട്ട്, ജോണി എന്നിവരുടെ പേരുണ്ടായിരുന്നില്ല. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഇവരെ ഒരുമിച്ചു കണ്ടെന്നാണ് പൊലീസ് പറയുന്നത്.

ബജ്രംഗദള്‍ പ്രവര്‍ത്തകനായ യോഗേഷ് രാജ് ആണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു യു.പി പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. സംഭവത്തിനുശേഷം ഒളിവില്‍ കഴിയുന്ന യോഗേഷ് താന്‍ നിരപരാധിയാണെന്ന അവകാശപ്പെട്ട് വീഡിയോ പുറത്തുവിട്ടിരുന്നു.

ഡിസംബര്‍ മൂന്നിനാണ് ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ഭീകരത അരങ്ങേറിയത്. പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ചായിരുന്നു ആക്രമണമഴിച്ചുവിട്ടത്. അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്.

2014ല്‍ ദാദ്രിയില്‍ ഗോമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെ കേസ് ആദ്യം അന്വേഷിച്ച് സുബോധ് കുമാറായിരുന്നു.